കൊച്ചി: കര്‍ണാടകയിലെ കൊല്ലൂരില്‍ വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന പേരില്‍ തനിക്കെതിരേ എടുത്തിരിക്കുന്ന വഞ്ചനാകേസ് അടിസ്ഥാനരഹിതമെന്ന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. വ്യാജ ആരോപണത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ശ്രീശാന്ത് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
കൊല്ലൂരില്‍ വില്ല നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞ് 18 ലക്ഷം തട്ടിയെടുത്തെന്നു കാണിച്ച് കണ്ണൂര്‍ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതി നല്‍കിയത്. ബാലഗോപാലിന്റെ പരാതിയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. തൊട്ടുപിന്നാലെ കണ്ണൂര്‍ ടൗണ്‍പോലീസ് കേസ് എടുത്തിരുന്നു.
സരീഗ് 2019ല്‍ മൂകാംബിക ദര്‍ശനത്തിനെത്തിയപ്പോള്‍ ഉഡുപ്പി സ്വദേശികളായ രാജീവ് കുമാര്‍, വെങ്കിടേഷ് എന്നിവരെ പരിചയപ്പെട്ടു. ഇതില്‍ വെങ്കിടേഷിന്റെ ഉടമസ്ഥതയില്‍ അഞ്ച് സെന്റ് സ്ഥലം മൂകാംബികയില്‍ ഉണ്ടെന്നും അവിടെ വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18,70,000 അഡ്വാന്‍സായി വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. അതിനുശേഷം തുടര്‍നടപടികളൊന്നും ഉണ്ടായില്ല.
വെങ്കിടേഷിനെ ബന്ധപ്പെട്ടപ്പോള്‍ സമീപത്ത് ക്രിക്കറ്റ് താരം ശ്രീശാന്തിനും സ്ഥലമുണ്ടെന്ന് അറിയിച്ചു. പിന്നാലെ ശ്രീശാന്ത് പരാതിക്കാരനെ കാണുകയും സംസാരിക്കുകയും ചെയ്തു. ക്രിക്കറ്റുമായി ബന്ധപ്പെട്ട് അവിടെ ഒരു പ്രൊജക്ട് ഉദേശിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സ്ഥലത്ത് വില്ല നിര്‍മിച്ചുനല്‍കാമെന്ന് ശ്രീശാന്തും വാഗ്ദാനം ചെയ്തു. പിന്നീട് ശ്രീശാന്ത് ഈ വാഗ്ദാനത്തില്‍ നിന്ന് പിന്നോട്ട് പോയി.
പണം തിരികെ നല്കിയതുമില്ലെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്നാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജീവ്കുമാര്‍, വെങ്കിടേഷ് എന്നിവര്‍ക്കൊപ്പം ശ്രീശാന്തിനെക്കൂടി പ്രതിചേര്‍ത്ത് കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്.