ചെന്നൈ: ഈ മാസം 18ന് ചെന്നൈയിൽ നടക്കുന്ന 2021 സീസണ് ഐപിഎൽ താരലേല പട്ടികയിൽ ആകെ രജിസ്റ്റർ ചെയ്തിരിക്കുന്നത് 1097 കളിക്കാർ.
മലയാളി പേസർ എസ്. ശ്രീശാന്ത്, സച്ചിൻ തെണ്ടുൽക്കറിന്റെ മകൻ അർജുൻ എന്നിവർ പട്ടികയിലുണ്ടെന്നതാണ് ശ്രദ്ധേയം. അതേസമയം, ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് ഈ സീസണിലും ഐപിഎലിനില്ല.
2013ൽ ഐപിഎൽ വാതുവയ്പ് വിവാദത്തിലകപ്പെട്ട് വിലക്കു നേരിട്ട ശ്രീശാന്ത് സയ്യീദ് മുഷ്താഖ് അലി ട്വന്റി-20യിലൂടെ സജീവ ക്രിക്കറ്റിലേക്കു കഴിഞ്ഞ മാസം തിരിച്ചുവരവ് നടത്തിയിരുന്നു.
75 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില. സയ്യീദ് മുഷ്താഖ് അലിയിൽ മുംബൈ ടീമിൽ ഉണ്ടായിരുന്ന ഇടംകൈ പേസറായ അർജുൻ തെണ്ടുൽക്കറിന്റെ അടിസ്ഥാന വില 20 ലക്ഷം ആണ്.
ഏറ്റവും ഉയർന്ന അടിസ്ഥാനവിലയായ രണ്ടു കോടി രൂപ 11 താരങ്ങൾക്കുണ്ട്. ഹർഭജൻ സിംഗ്, ഗ്ലെൻ മാക്സ്വെൽ, കേദാർ ജാദവ്, സ്റ്റീവ് സ്മിത്ത്, ഷക്കീബ് അൽ ഹസൻ, മൊയീൻ അലി, സാം ബില്ലിംഗ്സ്, ലിയാം പ്ലങ്കെറ്റ്, ജേസണ്‍ റോയ്, മാർക്ക് വുഡ്, കോളിൻ ഇൻഗ്രം എന്നിവർക്കാണു രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ളത്.
വെസ്റ്റ് ഇൻഡീസിൽനിന്നാണ് ഏറ്റവുമധികം താരങ്ങൾ, 56. ഓസ്ട്രേലിയ (42), ദക്ഷിണാഫ്രിക്ക (38) എന്നിവയാണ് തൊട്ടുപിന്നിൽ. 863 അണ്‍ക്യാപ്ഡ് താരങ്ങളാണ് 1097 അംഗ പട്ടികയിലുള്ളത്. അതിൽ 743 ഇന്ത്യൻ കളിക്കാരാണ്.