മലയാളിയായ ക്രിക്കറ്റ് താരം ശ്രീശാന്തിനെ ചുറ്റിപ്പറ്റി എന്നും വിവാദങ്ങള്‍ ഉണ്ടാവാറുണ്ട്. ക്രിക്കറ്റില്‍ സജീവമല്ലെങ്കിലും ബിഗ്ബോസ് സീസണ് 12ലെ മത്സരാര്‍ഥിയായി എത്തിയതോടെയാണ് ശ്രീശാന്ത് വീണ്ടും വിവാദതാരമായത്.
മറ്റൊരു മത്സരാര്‍ഥിയെ തല്ലാന്‍ ഓങ്ങിയതും പരിപാടിയില്‍നിന്നു പുറത്തുപോകണമെന്നു ബഹളംവെച്ചതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ താരം ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലാണ് താരത്തെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയത്.
2008 ലെ ഐപിഎല്‍ മത്സരത്തിനിടെ ഹര്ഭജന് സിങ് ശ്രീശാന്തിനെ തല്ലിയത് അന്ന് ഏറെ വിവാദമായിരുന്നു. ചൂടന്‍ താരങ്ങളില്‍ ഒരാളായ ഹര്ഭജന് സിങ്ങിന്റെ തല്ലു കൊണ്ട ശ്രീശാന്ത് പൊട്ടിക്കരഞ്ഞിരുന്നു.
മത്സരം തോറ്റ ഹര്‍ഭജനോട് ശ്രീശാന്ത് പരിഹസിച്ച് എന്തോ പറഞ്ഞതാണ് പ്രകോപനമായതെന്നായിരുന്നു അന്നു വാര്‍ത്തകള്‍ വന്നത്. പിന്നീട് ഹര്ഭജന് മാപ്പുപറയുകയും ചെയ്തു. ഇപ്പോള്‍ ബിഗ് ബോസില്‍, അന്നുണ്ടായതെന്താണെന്നു ശ്രീ വെളിപ്പെടുത്തിയിരിക്കുകയാണ്. മറ്റൊരു മത്സരാര്‍ഥിയായ സുരഭി റാണയുടെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തല്‍.
കിങ്സ് ഇലവന് പഞ്ചാബിന്റെതാരമായിരുന്നു ശ്രീശാന്ത്, ഹര്ഭജന് മുംബൈ ഇന്ത്യന്‍സിന്റെയും. തന്നെ പ്രകോപിപ്പിക്കരുതെന്ന് മത്സരത്തിനു മുമ്പ് ഹര്ഭജന് സിങ് തന്നോടു പറഞ്ഞിരുന്നതായി ശ്രീശാന്ത് വെളിപ്പെടുത്തി. എന്നാല്‍ മത്സരം മുംബൈ ഇന്ത്യന്‍സ് തോറ്റു. ഹര്ഭജന് റണ്‍സ് ഒന്നും എടുക്കാതെയാണ് പുറത്തായത്. ആ സമയത്ത് താന്‍ ഹര്‍ഭജന്റെ അടുത്തെത്തി ‘നിര്‍ഭാഗ്യം’ എന്നു പറഞ്ഞുവെന്നും ഭാജി അദ്ദേഹത്തിന്റെ കയ്യുടെ പിന്‍ഭാഗം കൊണ്ട് അടിക്കുകയുമായിരുന്നെന്ന് ശ്രീ പറഞ്ഞു.
‘ആ മത്സരം ഞാന്‍ സീരിയസായി എടുത്തു. ഗ്രൗണ്ടില്‍ പ്രകോപിതനായെന്നതു സത്യമാണ്. മത്സരം കഴിഞ്ഞപ്പോള്‍ ഭാജിയുടെ അടുത്തുചെന്ന് കൈ തരാന്‍ പറഞ്ഞു. ഭാജി കൈ മുട്ടുകൊണ്ട് എന്നെ അടിച്ചു. നിങ്ങള്‍ കണ്ടതുപോലെ മുഖത്ത് എന്നെ ആരും തല്ലിയിട്ടില്ല. എനിക്കു വേണമെങ്കില്‍ അവിടെവച്ച് തന്നെ അദ്ദേഹത്തെയും തല്ലാമായിരുന്നു.”അതൊരു തല്ലാണെന്നുപോലും പറയാന്‍ കഴിയില്ല. ഞാനാണ് അതിരുകടന്നത്. അവരുടെ ഹോംഗ്രൗണ്ടില്‍ അവര്‍ തോറ്റു നില്‍ക്കുകയാണ്. ആ സമയത്ത് ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ആദ്യം നല്ല ദേഷ്യം എനിക്ക് ഉണ്ടായി. പക്ഷേ നിസ്സഹായനായതോടെ ഞാന്‍ കരഞ്ഞുപോയി.’ശ്രീശാന്ത് പറഞ്ഞു.
എന്നാല്‍ ഹര്ഭജന് ഇപ്പോഴും മൂത്ത ജ്യേഷ്ഠനെപ്പോലെയാണെന്നും അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ഭാജിയുടെ കുടുംബവുമായും നല്ല ബന്ധമാണ്. ഷോയില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഹര്‍ഭജനെ അറിയിക്കണമെന്ന് തന്റെ ഭാര്യയോട് ശ്രീ ആവശ്യപ്പെടുകയും ചെയ്തു. എന്തായാലും ശ്രീയുടെ പുതിയ വെളിപ്പെടുത്തലിനോട് ആരാധകര്‍ പലരീതിയിലാണ് പ്രതികരിക്കുന്നത്.