കണ്ണൂർ: കൊല്ലൂരിലെ റിസോർട്ടിൽ തുടങ്ങുന്ന സ്പോർട്സ് അക്കാദമിയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് യുവാവിൽ നിന്ന് പണം തട്ടിയ കേസിൽ ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെയും മറ്റുരണ്ടുപേർക്കെതിരെയും കണ്ണൂരിൽ വഞ്ചനാകുറ്റത്തിന് കേസ്.
ഉടുപ്പി സ്വദേശികളായ രാജീവ് കുമാർ (50) കെ. വെങ്കിടേഷ് കിനി (45) എന്നിവർക്കെതിരെയുമാണ് കവിത തീയറ്ററിന് സമീപം താമസിക്കുന്ന കണ്ണപുരം ചൂണ്ട സ്വദേശി സരീഗ് ബാലഗോപാലന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.
കെല്ലൂർ ഉള്ള റിസോർട്ടിൽ തുടങ്ങുന്ന സ്പോർട്സ് അക്കാദമിയിൽ പങ്കാളിയാക്കാമെന്നായിരുന്നു വാഗ്ദാനം. തുടർന്ന് 2019 ഏപ്രിൽ മുതൽ കെട്ടിട നിർമാണത്തിനെന്ന് പറഞ്ഞ് പല തവണകളായി 18,70,000 രൂപ വാങ്ങിയെന്ന് പരാതിയിൽ പറയുന്നു.
എന്നാൽ സ്പോർട്സ് അക്കാദമി ആരംഭിക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്തിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. സരീഗ് ബാലഗോപാലൻ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അഡ്വ. പി.വി. മിഥുൻ,രമ്യ ഷിബു എന്നിവർ മുഖേന നൽകിയ ഹർജിയിലാണ് അന്വേഷണത്തിന് ഉത്തരവ് ഇട്ടത്. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.