സല്മാന് ഖാന് അവതാരകനായെത്തുന്ന ഹിന്ദി ബിഗ്ബോസിലെ ഏറ്റവും പ്രശസ്തനായ മത്സരാര്ഥിയാണ് മുന് ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത്.വളരെ പെട്ടന്ന് പ്രതികരിക്കുന്ന ഒരാളായതിനാല് ശ്രീശാന്ത് ബിഗ് ബോസില് നിറഞ്ഞു നില്ക്കുകയാണ്. ഏറ്റവും പ്രശസ്തനെങ്കിലും ബിഗ്ബോസില് ഏറ്റവും കുറവ് പ്രതിഫലവും ശ്രീശാന്തിനാണ്. താരം ഇപ്പോള് പൊട്ടിക്കരയുന്ന വീഡിയോയാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറലാവുന്നത്. വീഡിയോ സന്ദേശവുമായി ഭാര്യ ഭുവനേശ്വരി കുമാരി എത്തിയപ്പോഴാണ് ശ്രീശാന്ത് പൊട്ടിക്കരഞ്ഞത്. കുടുംബത്തെ സ്ക്രിനില് കണ്ടപ്പോള് ശ്രീശാന്തിന് സങ്കടം നിയന്ത്രിക്കാനായില്ല. കുട്ടികളെ തനിക്ക് വല്ലാതെ മിസ് ചെയ്യുന്നുവെന്ന് ശ്രീശാന്ത് പലപ്പോഴും ഷോയില് പറയാറുണ്ട്.
ഷോയിലെ ഏക മലയാളി എന്ന നിലയില് ശ്രീശാന്തിന് കേരളത്തില് നിന്നും പിന്തുണയുണ്ട്. ഷോ തുടങ്ങി ദിവസങ്ങള്ക്കുള്ളില് തന്നെ ശ്രീശാന്ത് വിവാദങ്ങള്ക്ക് തിരികൊളുത്തിയിരുന്നു. ആദ്യ ടാസ്കില് പരാജയപ്പെട്ട ശ്രീശാന്ത് ഷോയില്നിന്ന് ഇറങ്ങി പോകുമെന്ന് ഭീഷണിപ്പെടുത്തി. ഇത് മറ്റു മത്സരാര്ഥികളില് കടുത്ത അമര്ഷമുണ്ടാക്കി.
സഹമത്സരാര്ഥികളായ സബ ഖാന്, സോമി ഖാന് എന്നിവരുമായി തര്ക്കത്തില് ഏര്പ്പെട്ട ശ്രീശാന്ത് അവരെ തല്ലുമെന്ന് ഭീഷണി മുഴക്കിയതും വലിയ വിവാദമായി. ലക്ഷ്വറി ബജറ്റ് ടാസ്കിനിടെയായിരുന്നു സംഭവം. ശക്തമായ പോരാട്ടമാണ് ഇരുകൂട്ടരും തമ്മില് നടന്നത്. ശാരീരികമായി ബുദ്ധിമുട്ടുകള് നേരിട്ടതിനാല് ശ്രീശാന്ത് ടാസ്കില് പങ്കെടുത്തിരുന്നില്ല.
ഇതിനിടെ തന്റെ സഹമത്സരാര്ഥിയായ നേഹയോടുള്ള ഖാന് സഹോദരിമാരുടെ ക്രൂരമായ പെരുമാറ്റമാണ് ശ്രീയെ പ്രകോപിപ്പിച്ചത്. സബ തന്റെ കയ്യില് നിന്നും തല്ലു വാങ്ങും എന്നായിരുന്നു ശ്രീയുടെ പ്രതികരണം. നേഹയുടെ അവസ്ഥ കണ്ട് ശ്രീശാന്ത് കരയുന്നതും ഷോയില് കണ്ടു. എന്നാല് കഴിയുമെങ്കില് തന്നെ തല്ലൂ എന്ന വെല്ലുവിളിയുമായി സബ വന്നതോടെ രംഗം കൂടുതല് വഷളായി. തങ്ങളോട് മാപ്പു പറയണമെന്ന് അവര് ആവശ്യപ്പെട്ടുവെങ്കിലും ശ്രീശാന്ത് വഴങ്ങിയില്ല. എന്തായാലും വീണ്ടുമൊരിക്കല് കൂടി ശ്രീശാന്തിന്റെ കരച്ചില് വൈറലായി എന്നു പറയാം.