ബുഡാപെസ്റ്റ്: അഞ്ജു ബോബി ജോർജിനുശേഷം ലോക ചാന്പ്യൻഷിപ്പിൽ മെഡൽ നേടുന്ന രണ്ടാമത് മലയാളി എന്ന ചരിത്രം കുറിക്കാൻ എ. ശ്രീശങ്കറിനു സാധിക്കുമോ എന്നതിനാണു കായികപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
2023 ബുഡാപെസ്റ്റ് ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ പുരുഷവിഭാഗം ലോംഗ്ജംപിൽ ഫൈനൽ യോഗ്യതാ പോരാട്ടത്തിനു ശ്രീശങ്കർ ഇന്നിറങ്ങും. ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 2.45 മുതലാണ് ലോംഗ്ജംപ് യോഗ്യത. ശ്രീശങ്കറിനൊപ്പം ജെസ്വിൻ ആൾഡ്രിനും ഇന്ത്യയെ പ്രതിനിധീകരിച്ച് ജംപ് പിറ്റിൽ എത്തും.
നിലവിൽ ലോക ആറാം റാങ്കുകാരനാണ് ശ്രീശങ്കർ. ലോക ചാന്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ ലോംഗ്ജംപ് താരം എന്ന നേട്ടം 2022ൽ ശ്രീശങ്കർ സ്വന്തമാക്കിയിരുന്നു. 2022 ഒറിഗണ്‍ ലോക ചാന്പ്യൻഷിപ്പിൽ 7.96 മീറ്റർ ചാടി ഏഴാം സ്ഥാനത്താണ് ശ്രീശങ്കർ ഫിനിഷ് ചെയ്തത്.
ശ്രീശങ്കർ യോഗ്യതാ റൗണ്ടിൽ 8.00 മീറ്റർ ക്ലിയർ ചെയ്തിരുന്നു. യോഗ്യതാ റൗണ്ടിൽ 7.79 മീറ്റർ ചാടിയ ജെസ്വിൻ ആൾഡ്രിന് ഫൈനൽ ടിക്കറ്റ് ലഭിച്ചുമില്ല.
2023ൽ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയത് ജെസ്വിൻ ആൾഡ്രിനാണ്, 8.42 മീറ്റർ. രണ്ടാം സ്ഥാനത്ത് ശ്രീശങ്കറും, 8.41 മീറ്റർ. ലോക ഒന്നാം നന്പറായ ഗ്രീസിന്റെ മിൽറ്റ്യാഡിസ് ടെൻടൊഗ്ലു ഈ വർഷം കുറിച്ച മികച്ച ദൂരം 8.38 ആണെന്നതും ശ്രദ്ധേയം.