ശ്രീശങ്കർ വെള്ളി നേടി ചരിത്രത്തിൽ ഇടംപിടിച്ചെങ്കിലും സ്വർണം നഷ്ടപ്പെട്ടതിന്റെ നിരാശ അത്ലറ്റിക്സ് ആരാധകർക്കുണ്ട്. ശ്രീശങ്കറിന്റെ നാലാമത്തെ ചാട്ടമാണ് സ്വർണത്തിൽ എത്തേണ്ടിയിരുന്നത്.
എന്നാൽ, പുതിയ നിയമങ്ങളുടെ കുരുക്കിൽപ്പെടുത്തി ആ ചാട്ടം ഫൗൾ ആണെന്ന് ഒഫീഷ്യൽസ് വിധിച്ചു. ആ വിധി അർഹപ്പെട്ട സ്വർണം ശ്രീശങ്കറിനും ഇന്ത്യക്കും നിഷേധിക്കുന്നതായി എന്നതാണ് യാഥാർഥ്യം.
ശ്രീശങ്കറിന്റെ നാലാം ചാട്ടം 8.10 മീറ്ററിൽ കൂടുതൽ ഉണ്ടായിരുന്നെന്ന് ലോംഗ്ജംപ് അറിയാവുന്നവർക്ക് ഉറപ്പാണ്. എന്നാൽ, പുതുക്കിയ നിയമത്തിന്റെ കുരുക്കിൽപ്പെട്ടതോടെ ആ ചാട്ടം ഫൗൾ ആയി.
ലോംഗ്ജംപ്, ട്രിപ്പിൾജംപ് പോരാട്ടങ്ങളിൽ ചാടുന്നതിനു മുന്പ് വെള്ള സ്ട്രിപ്പിൽ വരെ അത്ലറ്റുകൾക്ക് ചവിട്ടാം. ആ നിയമത്തിൽ ഇപ്പോഴും മാറ്റമില്ല.
എന്നാൽ, വെള്ളലൈനിനു ശേഷമുള്ള കറുത്ത ലൈനിൽ യാതൊരുവിധത്തിലുള്ള കോണ്ടാക്റ്റും പാടില്ല. 2021 നവംബറിലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.
മുൻകാലങ്ങളിൽ വൈറ്റ് ലൈനിന്റെ എഡ്ജ് വരെ, അതായത് സീറോ സെന്റീമീറ്റർ ഗ്യാപ്പിൽ ടെയ്ക്ക് ഓഫ് ചെയ്യുന്നതായിരുന്നു ഏറ്റവും ഐഡിയൽ ആയ ജംപ്. എന്നാൽ, വൈറ്റ് ലൈനിനും ബ്ലാക്ക് ലൈനിനും ഇടയിൽ ഒരു ബ്രീതിംഗ് സ്പേസ് വേണമെന്നതാണ് പുതിയ നിയമം.
ആശയക്കുഴപ്പം
ആശയക്കുഴപ്പത്തിനു മറ്റൊരു കാരണം കൂടിയുണ്ട്. ഒഫീഷൽ വീഡിയോ കാമറയ്ക്ക് സൈഡിലായാണ് ബ്രോഡ്കാസ്റ്റിംഗ് കാമറ.
അതുകൊണ്ടുതന്നെ ലോകത്തിന്റെ കാഴ്ചയിൽ ഫൗൾ അല്ലെന്നു തോന്നുന്ന ജംപ് ഒരു പക്ഷേ ഒഫീഷൽ കാമറയിൽ ഫൗൾ ആയേക്കും.
മത്സരത്തിൽ ഫൗൾ ആണെന്ന ഒഫീഷലിന്റെ വിധിയെ തുടർന്ന് ശ്രീശങ്കർ ഔദ്യോഗിക വീഡിയോ ദൃശ്യം പരിശോധിച്ചു.
ഒരു മില്ലീ മീറ്ററിന്റെ വ്യത്യാസമേ ഉള്ളൂ എന്ന് ശ്രീശങ്കർ അച്ഛനും പരിശീലകനുമായ മുരളിയോട് പറയുന്നുണ്ടായിരുന്നു. 4-5 സെന്റീ മീറ്റർ സ്പെയിസ് ഇട്ടാണ് സാധാരണ എല്ലാവരും ജംപ് ചെയ്യാറുള്ളത്.
സീറോ സെന്റീമീറ്റർ ചാട്ടമാണ് ഐഡിയലായി കണ്ടിരുന്നത്. അതിനാണ് ഇപ്പോൾ മാറ്റംവന്നിരിക്കുന്നത്. ഇനിയുള്ള ഇൗവന്റുകളിൽ അതും ശ്രദ്ധിക്കും – മത്സരശേഷം ശ്രീശങ്കർ പറഞ്ഞു.
2022 ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ സ്വന്തം പേരിലുള്ള ദേശീയ റിക്കാർഡ് ശ്രീശങ്കർ തിരുത്തിയിരുന്നു. 8.36 മീറ്ററായിരുന്നു ശ്രീശങ്കർ കുറിച്ച പുതിയ ദേശീയ റിക്കാർഡ്.