കൊച്ചി: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കുവേണ്ടി കളിക്കുകയെന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്നു ക്രിക്കറ്റ് താരം ശ്രീശാന്ത്. ആജീവനാന്ത വിലക്ക് നീക്കിയതില്‍ ദൈവത്തിന് നന്ദി പറയുന്നതായും ശ്രീശാന്ത് പറഞ്ഞു.ടെസ്റ്റില്‍ നൂറു വിക്കറ്റ് തികയ്ക്കണമെന്നത് തന്റെ വലിയ ആഗ്രഹമാണ്. നിലവില്‍ 87 വിക്കറ്റുണ്ട്. ഇനി 13 വിക്കറ്റുകൂടി വേണം. അത് നേടാന്‍ കഴിയുമെന്നുതന്നെയാണ് വിശ്വാസം.
ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് എല്ലാവരും ആഗ്രഹിച്ചിരുന്നു. 2015 മുതല്‍ തനിക്കു പ്രതീക്ഷയുണ്ടായിരുന്നു. 2019 ആയപ്പോഴേക്കും അത് യാഥാര്‍ഥ്യമാകുന്നു. കുടുബവും സുഹൃത്തുക്കളും വലിയ പിന്തുണയാണ് നല്‍കിയത്. താന്‍ വീണ്ടും ക്രിക്കറ്റ് കളിക്കുന്നതു തന്റെ മകനും മകളും കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു. അത് സാധിക്കുമെന്നാണ് വിശ്വാസം.
കൂടുതല്‍ നന്നായി ഇനി പരിശീലനം ആരംഭിക്കണം. തന്റെ സ്വന്തം ടീമിനൊപ്പമാണ് ഇപ്പോള്‍ പരിശീലനം. കൊച്ചിയില്‍ ഉള്ളപ്പോള്‍ എല്ലാ ദിവസവും അവര്‍ക്കൊപ്പം പരിശീലനം നടത്തുന്നുണ്ട്. വിലക്കേര്‍പ്പെടുത്തിയതോടെ പരിശീലനത്തിന് പോലും മൈതാനം ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു. ക്രിക്കറ്റില്‍ വിലക്കിയപ്പോള്‍ സിനിമയിലേക്ക് തിരിഞ്ഞതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടില്ല. നാലു സിനിമയില്‍ അഭിനയിച്ചു. അഞ്ചാമത്തെ സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണ്.
ഇപ്പോള്‍ 36 വയസുണ്ട്. അടുത്തവര്‍ഷം വിലക്ക് തീരുമ്പോള്‍ 37 വയസാകും. ഈ ഒരു വര്‍ഷത്തിനിടെ നല്ല രീതിയില്‍ പ്രാക്ടീസ് ചെയ്ത് 2020 സെപ്റ്റംബര്‍ ആകുമ്പോഴേക്കും കായികക്ഷമത തെളിയിക്കാന്‍ സാധിക്കും. രഞ്ജിട്രോഫിയില്‍ കളിച്ച് കേരളത്തെ ജയിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്.
അണ്ടര്‍ 13 ടീമില്‍ തുടങ്ങി പൂജാ ക്രിക്കറ്റ്, ഇന്ത്യ എ ടീം, ഇറാനി ട്രോഫി എന്നിവയിലൂടെയാണ് ഇന്ത്യന്‍ ടീമില്‍ എത്തിയത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കാന്‍ പോകുകയാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തീരാറുകുമ്പോഴേക്കുമെങ്കിലും ടീമിന്റെ ഭാഗമാകാന്‍ സാധിക്കണമെന്നാണ് ആഗ്രഹമെന്നും ശ്രീശാന്ത് പറഞ്ഞു.