എടത്വ: കോളജ് വിദ്യാര്‍ഥികള്‍കൊപ്പം ക്രിക്കറ്റ് കളിച്ച് ശ്രീശാന്ത്. എടത്വ സെന്റ് അലോഷ്യസ് കോളജില്‍ പുതിയതായി ആരംഭിച്ച ക്രിക്കറ്റ് നെറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ക്രിക്കറ്റ് പിച്ച് തയാറാക്കേണ്ടതിനെപറ്റിയും കളിക്കേണ്ട വിധവും വിദ്യാര്‍ഥികള്‍ക്കു കാണിച്ചു കൊടുത്തശേഷം കളിക്കാനായി ഗ്രൗണ്ടിലേക്ക് ഇറങ്ങുകയും ചെയ്തു.
ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന അംഗത്തിനൊപ്പം ക്രിക്കറ്റ് കളിക്കാന്‍ അവസരം കിട്ടിയ വിദ്യാര്‍ഥികള്‍ താരത്തിനൊപ്പം ബോളിംഗും ബാറ്റിംഗുമായി ഒരു മണിക്കൂറോളം അടിച്ചു തകര്‍ത്തു. തന്റെ നിരപരാധിത്വം പുതിയതായി നിലവില്‍വന്ന ഇന്ത്യന്‍ ക്രിക്കറ്റ്ബോര്‍ഡ് അംഗങ്ങള്‍ മനസിലാക്കുമെന്നും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് ആത്മവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. കരിയറിലെ നിര്‍ണായക സമയമാണ് തകര്‍ത്തതെന്നും തന്നോടു ക്രൂരത കാട്ടിയവരോട് വിദ്വേഷമോ പകയോ ഇല്ലെന്നും ശ്രീശാന്ത് പറഞ്ഞു.
ഇന്നലെ 34 വയസ് പൂര്‍ത്തിയായ താന്‍ 44 വയസുവരെ ടീമിലുണ്ടാകുമെന്ന ആത്മവിശ്വാസവും ശ്രീശാന്ത് പ്രകടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സാബന്‍ കെ.വി. അധ്യക്ഷത വഹിച്ചു. ബര്‍സാര്‍ ഫാ. തോമസ് കാഞ്ഞിരവേലില്‍, ഡോ. ജോച്ചന് ജോസഫ്, പ്രഫ. ജെറോം പി.വി., ബിജു ലൂക്കോസ്, ടോണി ആന്റണി എന്നിവര്‍ പ്രസംഗിച്ചു. പുതിയതായി അഭിനയിക്കുന്ന ടീം ഫൈവ് ചിത്രത്തിന്റെ പ്രചരണവും ശ്രീശാന്ത് നടത്തി.
ആന്ധ്രാക്കാരി നിക്കിഗണ് റാണിയാണ് മുഖ്യവേഷമിടുന്നത്. ചിത്രത്തിന്റെ സംവിധായകന് സുരേഷ് ഗോവിന്ദ്, നിര്‍മാതാവ് രാജ് സക്കറിയ എന്നിവരും ശ്രീശാന്തിനൊപ്പമുണ്ടായിരുന്നു. എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയും സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍, കൈക്കാരന് പ്രഫ. ജോജോ തോമസ് ചേന്ദംകര, ടോമിച്ചന് കളങ്ങര എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.