തിരുവനന്തപുരം: മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) അടുത്ത മാസം ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് ട്വന്റി-20 ടൂര്‍ണമെന്റിലൂടെയായിരിക്കും ശ്രീയുടെ തിരിച്ചുവരവ്.
മത്സരങ്ങൾ ഡിസംബർ 17 മുതൽ ആലപ്പുഴയിലാണ് നടക്കുക എന്ന് കെസിഎ അറിയിച്ചു.ടൂർണമെന്റിൽ ആറു ടീമുകളാണ് കളിക്കുന്നത്. കെസിഎ ടൈഗേഴ്സ് ടീമിന് വേണ്ടിയാണ് ശ്രീശാന്ത് കളിക്കുന്നത്.
ഏഴ് വർഷത്തെ വിലക്കിന് ശേഷമാണ് ശ്രീശാന്ത് തിരിച്ചുവരുന്നത് എന്നതാണ് സവിശേഷത. മത്സരം നടത്താനുള്ള അനുമതിക്കായി സർക്കാരിന് കത്ത് നൽകിയതായി കെസിഎ വ്യക്തമാക്കി.
വാതുവയ്പ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായിരുന്നില്ല. 2018ല്‍ കേരള ഹൈക്കോടതി താരത്തിന്റെ ആജീവനാന്ത വിലക്ക് ഒഴിവാക്കി.
തുടര്‍ന്ന് 2019ല്‍ സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം ബിസിസിഐ ഓംബുഡ്സ്മാന് വിലക്ക് ഏഴു വര്‍ഷമായി കുറച്ചു.ഫിറ്റ്നെസ് തെളിയിക്കുന്നതിനൊപ്പം പ്രസിഡന്റ്സ് ലീഗില്‍ മികച്ച പ്രകടനവും നടത്തിയാല്‍ ശ്രീശാന്തിനു കേരള രഞ്ജി ടീമിലേക്കു വഴിതുറക്കും.