മുംബൈ: വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുമെന്ന സൂചന നൽകി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്നു ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്നും ശശി തരൂരിനെ പരാജയപ്പെടുത്തുമെന്നുമാണു ശ്രീശാന്തിന്റെ അവകാശവാദം. ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തിനു നൽകിയ അഭിമുഖത്തിലാണു ശ്രീശാന്ത് ഈ പരാമർശം നടത്തിയത്.
താൻ ശശി തരൂരിന്റെ വലിയ ആരാധകനാണ്. ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം തനിക്കു വേണ്ടി സംസാരിച്ചിട്ടുമുണ്ട്. എങ്കിലും 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ തോൽപ്പിക്കും. അക്കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും ശ്രീശാന്ത് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
2016-ൽ ബിജെപിയിൽ ചേർന്ന ശ്രീശാന്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. അന്നു കോണ്‍ഗ്രസിന്റെ വി.എസ്. ശിവകുമാറിനോടു പരാജയപ്പെട്ടു. വെറും 34,764 വോട്ടുകൾ മാത്രമാണു കന്നിപ്പോരാട്ടത്തിൽ ശ്രീശാന്തിനു ലഭിച്ചത്.
താൻ ഒത്തുകളി നടത്തിയിട്ടില്ല. 100 കോടി രൂപ ലഭിച്ചാൽ പോലും താൻ അതു ചെയ്യില്ല. ഐപിഎല്ലിലെ ഒത്തുകളി കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിഞ്ഞിരുന്ന നാളുകൾ ദുസഹമായിരുന്നുവെന്നും ശ്രീശാന്ത് അഭിമുഖത്തിൽ പറഞ്ഞു.
ഐപിഎല്ലിൽ ഒത്തുകളിയാരോപിച്ചു ശ്രീശാന്തിനു ബിസിസിഐ ആജീവനാന്ത വിലക്കേർപ്പെടുത്തിയെങ്കിലും ഇതു സുപ്രീംകോടതി റദ്ദാക്കി. 2020 സെപ്റ്റംബർ മുതൽ ശ്രീശാന്തിനു കളിക്കളത്തിലിറങ്ങാം.