കൊച്ചി: ഐപിഎല് വാതുവയ്പിനെത്തുടര്ന്ന് വിലക്ക് നേരിട്ട ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് വീണ്ടും കേരളത്തിന്റെ രഞ്ജി ടീമില് തിരിച്ചെത്തും. ബിസിസിഐ ഏര്പ്പെടുത്തിയ വിലക്ക് സെപ്റ്റംബറില് അവസാനിക്കുന്നതോടെയാണ് രഞ്ജിയിലൂടെ ശ്രീശാന്ത് മടങ്ങിയെത്തുന്നത്. ഫിറ്റ്നസ് തെളിയിച്ചാല് മാത്രമാകും ടീമില് ഇടംനല്കുക.
വിലക്ക് അവസാനിക്കുന്നതോടെ കേരള ടീം ക്യാമ്പിലേക്ക് ശ്രീശാന്തിനെ തിരിച്ചുവിളിക്കും. ശാരീരികക്ഷമത തെളിയിക്കുകയാണ് ശ്രീശാന്ത് നേരിടുന്ന കടമ്പയെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് നായര് പറഞ്ഞു.
കേരള ടീമില് മികച്ച പ്രകടനം നടത്താന് സാധിച്ചാല് ഇന്ത്യന് ടീമിലേക്കു ശ്രീശാന്തിന് വഴിതുറക്കും. രഞ്ജി ടീമിലേക്ക് തന്നെ പരിഗണിച്ചതിന് കേരള ക്രിക്കറ്റ് അസോസിയേഷന് ശ്രീശാന്ത് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഫാസ്റ്റ് ബൗളര് സന്ദീപ് വാരിയര് ഇത്തവണ തമിഴ്നാട് ടീമിലേക്ക് മാറിയതു മൂലമാണ് കെസിഎ ശ്രീശാന്തിനെ പരിഗണിച്ചത്. ഇന്ത്യക്കു വേണ്ടി 27 ടെസ്റ്റ് മത്സരങ്ങള് കളിച്ച ശ്രീശാന്ത് 87 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
ഇന്ത്യന് ടീമില് സജീവസാന്നിധ്യമായിരുന്ന സമയത്താണ് ഒത്തുകളി ആരോപണത്തെത്തുടര്ന്ന് ശ്രീശാന്ത് പുറത്തുപോകുന്നത്. 2013ലെ ഐപിഎല് സീസണില് വാതുവയ്പ് സംഘങ്ങളുമായി ചേര്ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന് റോയല്സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്, അജിത് ചാന്ഡില എന്നിവരെ ഡല്ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടര്ന്നാണ് ബിസിസിഐ ശ്രീശാന്തിനെ സസ്പെന്ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് ശ്രീശാന്തിനെതിരായ കുറ്റങ്ങള്ക്ക് തെളിവില്ലെന്ന് കണ്ടെത്തി പട്യാല സെഷന്സ് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാല് ബിസിസിഐ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാന് തയാറായിരുന്നില്ല.
2018ല് കേരള ഹൈക്കോടതി താരത്തിന്റെ ആജീവനാന്ത വിലക്ക് ഒഴിവാക്കിയിരുന്നു. തുടര്ന്ന് 2019ല് സുപ്രീംകോടതിയുടെ നിര്ദേശപ്രകാരം ബിസിസിഐ താരത്തിന്റെ വിലക്ക് ഏഴു വര്ഷമായി കുറച്ചു.