കൊച്ചി: ഒത്തുകളിയുടെ പേരിലുള്ള ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിൻമാറി.
ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും. ഹർജി പരിഗണിച്ച ജഡ്ജി നേരത്തെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അഭിഭാഷകനായിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് കേൾക്കുന്നതിൽ നിന്ന് അദ്ദേഹം ഒഴിവായതെന്നാണ് സൂചന. ഹർജി മറ്റൊരു സിംഗിൾ ബെഞ്ച് അടുത്ത ദിവസം പരിഗണിക്കും.
ഐപിഎൽ ആറാം സീസണിൽ ഒത്തുകളി വിവാദത്തെത്തുടർന്ന് മുംബൈയിൽ നിന്ന് പോലീസ് അറസ്റ്റു ചെയ്തതിനെതുടർന്നാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. തന്നെ കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ വിലക്ക് ഒഴിവാക്കാൻ അപേക്ഷ നൽകിയിട്ടും ബിസിസിഐ പരിഗണിച്ചില്ലെന്നാണ് ശ്രീശാന്തിന്റെ ആക്ഷേപം.
ഏപ്രിൽ ആദ്യം സ്കോട്ട്ലൻഡിൽ പ്രിമിയർ ലീഗ് കളിക്കാൻ ക്ഷണമുണ്ടെന്നും ഇതിനുള്ള എൻഒസിക്കു വേണ്ടി നൽകിയ അപേക്ഷയിൽ ബിസിസിഐ തീരുമാനമെടുത്തില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി ഇന്നു പരിഗണിച്ചേക്കും.