വിരാട് കോഹ്ലി നയിച്ച ലോകകപ്പ് ടീമുകളിൽ താൻ ഉൾപ്പെട്ടിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് നേടുമായിരുന്നെവെന്ന് മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ്. ശ്രീശാന്ത്. ഷെയർചാറ്റ് ഓഡിയോ ചാറ്റ്റൂമിലെ ചർച്ചയിലാണു ശ്രീശാന്ത് ഇത്തരത്തിൽ അവകാശപ്പെട്ടത്.
ക്രിക്കറ്റിൽ താൻ മാർഗനിർദേശങ്ങൾ നൽകിയ സഞ്ജു സാംസണും സച്ചിൻ ബേബിയും മികച്ച രീതിയിൽ കളിക്കുന്നുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.
വിരാട് കോഹ്ലിയുടെ കീഴിൽ ഇന്ത്യ 2019ലെ ഏകദിന ലോകകപ്പിലും 2021ലെ ട്വന്റി20 ലോകകപ്പിലുമാണു കളിച്ചത്. 2019 ഏകദിന ലോകകപ്പിൽ സെമിഫൈനലിൽ ന്യൂസിലൻഡിനോട് ഇന്ത്യ തോറ്റു.
2021ലെ ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ പുറത്തായി. 2007ൽ ട്വന്റി20 ലോകകപ്പും 2011 ഏകദിന ലോകകപ്പും സ്വന്തമാക്കിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ശ്രീശാന്ത്. ഈ വർഷം മാർച്ചിലാണു വിരമിച്ചത്.