ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലേക്ക് മലയാളി പേസർ എസ്. ശ്രീശാന്ത് മടങ്ങിവരുമോ…? ശ്രീശാന്തിന് ഐപിഎലിലേക്ക് എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷം മടങ്ങിവരാനുള്ള സാധ്യത തെളിഞ്ഞു. 2022 സീസണ് ഐപിഎൽ പോരാട്ടത്തിനു മുന്നോടിയായുള്ള മെഗാ താരലേല പട്ടികയിൽ ശ്രീശാന്ത് ഉൾപ്പെട്ടതോടെയാണിത്.
2013ൽ രാജസ്ഥാൻ റോയൽസ് താരമായിരിക്കേ വാതുവയ്പ്പ് വിവാദത്തിൽപ്പെട്ട ശ്രീശാന്ത് ബിസിസിഐയുടെ വിലക്ക് നേരിട്ടിരുന്നു. വിലക്ക് അവസാനിച്ചശേഷം 2020ൽ കേരളത്തിനായി കളത്തിലെത്തി. 2021 ഐപിഎൽ ലേലത്തിനായി പേര് രജിസ്റ്റർ ചെയ്തെങ്കിലും അന്തിമപട്ടികയിൽനിന്ന് പുറന്തള്ളപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണയും പേര് രജിസ്റ്റർ ചെയ്ത ശ്രീശാന്തിന് നിരാശപ്പെടേണ്ടിവന്നില്ല.
ഫെബ്രുവരി 12, 13 തീയതികളിലായി ബംഗളൂരുവിലാണ് 15-ാം സീസണ് ഐപിഎല്ലിന്റെ മെഗാ താര ലേലം. അഹമ്മദാബാദ്, ലക്നോ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് രണ്ട് ടീമുകൾകൂടി 2022 ഐപിഎലിലുണ്ട്. ഇതോടെ 15-ാം സീസണിൽ ടീമുകളുടെ എണ്ണം 10 ആയി. ഇതിനോടകം നിശ്ചിത ക്വാട്ട പ്രകാരം മൂന്നും നാലും കളിക്കാരെ വീതം ഓരോ ടീമും തങ്ങളുടെ തട്ടകങ്ങളിൽ ഉറപ്പിച്ചിട്ടുണ്ട്.
അടിസ്ഥാന വില 50 ലക്ഷം
ശ്രീശാന്തിന്റെ അടിസ്ഥാന വില 50 ലക്ഷം രൂപയാണ്. 590 കളിക്കാരാണ് അന്തിമ പട്ടികയിലുള്ളത്. അതിൽ 429-ാമനാണ് ശ്രീശാന്ത്. പഞ്ചാബ് കിംഗ്സ്, കൊച്ചി ടസ്കേഴ്സ് കേരള, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായി മുപ്പത്തെട്ടുകാരനായ ശ്രീശാന്ത് കളിച്ചിട്ടുണ്ട്. ഇന്ത്യൻ ടെസ്റ്റ് സ്പെഷലിസ്റ്റായ ചേതേശ്വർ പൂജാരയും 50 ലക്ഷം അടിസ്ഥാന വിലയിൽ പട്ടികയിൽ ഉൾപ്പെട്ടു.
ഇന്ത്യയിൽ നിന്ന് 370ഉം വിദേശത്തുനിന്ന് 220ഉം കളിക്കാരാണ് 590 അംഗ പട്ടികയിൽ. അതിൽ 228 കളിക്കാർ ദേശീയ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. 355 കളിക്കാർ ദേശീയ ടീമുകൾക്കായി ഇതുവരെ അരങ്ങേറിയിട്ടില്ല. അസോസിയേറ്റ് രാജ്യങ്ങളിൽനിന്ന് ഏഴ് കളിക്കാരും ഉണ്ട്.
2 കോടിക്കാർ
ഏറ്റവും ഉയർന്ന അടിസ്ഥാന വില രണ്ട് കോടി രൂപയാണ്. 48 കളിക്കാരാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയായുള്ളത്. ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, ആർ. അശ്വിൻ, ശിഖർ ധവാൻ, മുഹമ്മദ് ഷമി, ദേവ്ദത്ത് പടിക്കൽ, റോബിൻ ഉത്തപ്പ, സുരേഷ് റെയ്ന ഓസീസ് താരങ്ങളായ പാറ്റ് കമ്മിൻസ്, ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിസ്, ക്വിന്റണ്‍ ഡികോക്ക് ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയ്, ബംഗ്ലാദേശിന്റെ ഷക്കീബ് അൽ ഹസൻ, വെസ്റ്റ് ഇൻഡീസിന്റെ ഡെയ്ൻ ബ്രാവോ, ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ട്… എന്നിങ്ങനെ നീളുന്നു രണ്ട് കോടി അടിസ്ഥാന വിലയുള്ള കളിക്കാരുടെ പട്ടിക.
വെസ്റ്റ് ഇൻഡീസിന്റെ ജേസണ്‍ ഹോൾഡർ, ഷിംറോണ്‍ ഹെറ്റ്മയർ, ഇംഗ്ലണ്ടിന്റെ ജോണി ബെയർസ്റ്റോ തുടങ്ങിയ 20 കളിക്കാരുടെ അടിസ്ഥാന വില 1.5 കോടി രൂപയാണ്. ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിർ അടക്കം 34 കളിക്കാർക്ക് ഒരു കോടി രൂപയാണ് അടിസ്ഥാന വില.
ഈ സീസണ് ഐപിഎല്ലിൽ ഉണ്ടാകില്ലെന്ന് ഇതിനോടകം വ്യക്തമാക്കിയ ബ്രിട്ടീഷ് പേസർ ജോഫ്ര ആർച്ചറിനെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയം. രണ്ട് കോടിയാണ് ആർച്ചറിന്റെ അടിസ്ഥാന വില.
അംഗബലത്തിൽ ഓസീസ്
590 അംഗ അന്തിമലേല പട്ടികയിൽ ഏറ്റവും കൂടുതൽ കളിക്കാരുള്ളത് ഓസ്ട്രേലിയയിൽനിന്നാണ്, 47 കളിക്കാർ. വെസ്റ്റ് ഇൻഡീസിൽനിന്ന് 34ഉം ദക്ഷിണാഫ്രിക്കയിൽനിന്ന് 33ഉം ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നിവിടങ്ങളിൽനിന്ന് 24 വീതവും ശ്രീലങ്കയിൽനിന്ന് 23ഉം അഫ്ഗാനിസ്ഥാനിൽനിന്ന് 17ഉം കളിക്കാർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം കോൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ പാക് വംശജനായ അമേരിക്കൻ പേസർ മുഹമ്മദ് അലി ഖാൻ പട്ടികയിലുൾപ്പെട്ടു. ആകെ 14 രാജ്യങ്ങളിൽനിന്നുള്ള കളിക്കാർ ലേലത്തിന്റെ ഭാഗണ്.
മലയാളികൾ 13
15-ാം എഡിഷൻ ഐപിഎല്ലിനുള്ള മെഗാ താര ലേല അന്തിമ പട്ടികയിൽ 13 മലയാളികൾ. കർണാടകയുടെ മലയാളിയായ ദേവ്ദത്ത് പടിക്കൽ ഉൾപ്പെടെയുള്ള കണക്കാണിത്. കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്ന ജലജ് സക്സേനയെയും ഉൾപ്പെടുത്തിയാൽ ആകെയുള്ള 590 അംഗ പട്ടികയിൽ 14 പേർക്ക് മലയാളക്കരയുമായി ബന്ധമുണ്ട്.
എട്ട് ടീമിൽ നിന്ന് 10 ടീമിലേക്ക് ഐപിഎൽ വികസിക്കുന്നതോടെ കളിക്കാരുടെ സാധ്യതകൾ വർധിക്കുന്നു എന്നത് മലയാളി താരങ്ങൾക്കും പ്രതീക്ഷ നൽകുന്നു.
കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ കളിക്കാരനായ റോബിൻ ഉത്തപ്പയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധിയായി 2022 മെഗാ താര ലേലത്തിൽ ഉൾപ്പെട്ട ഏറ്റവും ശ്രദ്ധേയനായ താരം.
പാതി മലയാളിയായ ഉത്തപ്പ 2019 മുതൽ കേരളത്തിനുവേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നത്. ഇന്ത്യൻ മുൻ താരം കൂടിയായ ഈ വെടിക്കെട്ട് ബാറ്ററിന്റെ അടിസ്ഥാന വില രണ്ട് കോടി രൂപയാണ്.
50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ശ്രീശാന്തിനു പിന്നിൽ മൂന്നാം സ്ഥാനത്ത് 30 ലക്ഷം രൂപയുള്ള ജലജ് സക്സേന എന്ന ഛത്തീസ്ഗഡ് ഓൾറൗണ്ടറാണ്. 2016 മുതൽ ആഭ്യന്തര ക്രിക്കറ്റിൽ കേരള താരമാണ് ജലജ്.
പേസ് ബൗളറായ ബേസിൽ തന്പി, കെ.എം. ആസിഫ്, എം.ഡി. നിധീഷ്, ബാറ്റർമാരായ സച്ചിൻ ബേബി, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, രോഹൻ കുന്നുമ്മൽ, ലെഗ് സ്പിന്നർ എസ്. മിഥുൻ, 19കാരനായ ഓൾ റൗണ്ടർ ഷോണ്‍ റോജർ, ഓൾറൗണ്ടർ സിജോമോൻ ജോസഫ് എന്നിവരാണ് ഐപിഎൽ 2022 താര ലേലത്തിലുള്ള മറ്റ് മലയാളി സാന്നിധ്യങ്ങൾ. ഇവരുടെ എല്ലാം അടിസ്ഥാന വില 20 ലക്ഷം രൂപയാണ്.
ഇന്ത്യൻ അണ്ടർ 19 ബി ടീമിൽ ഇടം പിടിച്ച് റോജർ കഴിഞ്ഞ നവംബറിൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.വെസ്റ്റ് ഇൻഡീസിനെതിരേ ഈ മാസം ആറ് മുതൽ ആരംഭിക്കുന്ന ഏകദിന, ട്വന്റി-20 പരന്പരയ്ക്കുള്ള ഇന്ത്യൻ റിസർവ് പട്ടികയിൽ ഉള്ളതാരമാണ് എസ്. മിഥുൻ.