ഏറ്റുമാനൂർ: നീണ്ടൂരിൽ ഭർത്താവുമായി വഴക്കിട്ടു പോയ യുവതിയെയും നാല് വയസുള്ള മകനെയും സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും.
ഇയാൾ സ്ഥിരമായി വീട്ടിൽ വഴക്ക് ഉണ്ടാക്കിയിരുന്നതായി നാട്ടുകാർ പോലീസിന് മൊഴി നൽകിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും ഇവർ തമ്മിൽ വലിയ വഴക്ക് ഉണ്ടാക്കിയിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞിരുന്നു.
നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇന്നലെ രാത്രിയോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ന് കൂടുതൽ തെളിവ് എടുപ്പിനുശേഷം ഗാർഹീക പീഡനം, സ്ത്രീ പീഡനം, ആത്മഹത്യ പ്രരണ കുറ്റം എന്നിവ ചുമത്തി ഇയാളുടെ മേൽ കേസ് എടുക്കുമെന്ന് ഏറ്റുമാനൂർ പോലീസ് പറഞ്ഞു.
ഇന്നലെ മൃതദേഹം ലഭിച്ചപ്പോൾ മുതൽ നാട്ടുകാർ ഇയാൾക്കു നേരെ തിരിഞ്ഞിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് പോലീസ് ഇയാളെ കസ്റ്റഡിയിലേടുത്തത്. നീണ്ടൂർ ചന്ദ്രവിലാസത്തിൽ ചന്ദ്രന്റെ ഭാര്യ രഞ്ജിനി(36 ), മകൻ ശ്രീനന്ദ് (4) എന്നിവരെയാണ് ചൊവാഴ്ച രാത്രി 11നുശേഷം വീട്ടിൽ നിന്നും കാണാതായത്.
തുടർന്ന് വീട്ടുകാർ ഏറ്റുമാനൂർ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വീടിനടുത്തുള്ള അംഗൻവാടിക്ക് സമീപമുള്ള പഞ്ചായത്ത് കുളത്തിൽ നിന്നും മ്യതദേഹം കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സിന്റെ സ്കൂബ ടീം എത്തിയാണ് മൃതദേഹം കരയിൽ എത്തിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. അഞ്ചാ ക്ലസ് വിദ്യാർഥി ശ്രീഹരി ഇവരുടെ മൂത്തമകനാണ്.