ഒളിച്ചോടിയ കമിതാക്കള്‍ കര്‍ണാടകയില്‍ പോലീസ് പിടിയിലായി. പയ്യോളി കൊളാവിപ്പാലത്ത് നിന്നും കോട്ടക്കലില്‍ നിന്നുമായി കഴിഞ്ഞ ദിവസം ഒളിച്ചോടിയ കമിതാക്കളായ അയനിക്കാട് ചെത്തു പറമ്പില്‍ ഷിബീഷ് (31), കോട്ടക്കല്‍ പള്ളിത്താഴ ശ്രീത്ത (30) എന്നിവരാണ് പോലീസ് പിടിയിലായത്.
കര്‍ണാടകയിലെ വീരാജ്പേട്ടയിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ ലോഡ്ജി ല്‍ താമസിക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പയ്യോളി പോലീസ് വീരാജ്പേട്ട പോലീസിനെ ബന്ധപ്പെടുകയായിരുന്നു. വീരാജ്പേട്ട പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്ത ശേഷം പയ്യോളിയില്‍ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ഏഴിന് പകല്‍ പതിനൊന്നരക്കാണ് അമ്മയുടെ ബന്ധു വീട്ടില്‍ പോകാനുണ്ടെന്ന് പറഞ്ഞ് ശ്രീത്ത കോട്ടക്കലിലെ ഭര്‍തൃ വീട്ടില്‍ നിന്ന് പോയത്. വീട്ടിലെ അലമാര കുത്തിതുറന്ന് ഭര്‍ത്താവ് സൂക്ഷിച്ച അറുപതിനായിരം രൂപയും മകന്റെ മാല ഉള്‍പ്പെടെ ആറു പവന് സ്വര്‍ണവുമായാണ് ഇവര്‍ പോയതെന്ന് ഭര്‍ത്താവ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കാമുകനായ ബസ് കണ്ടക്ടര്‍ ഷിബീഷിനൊപ്പമാണ് യുവതി ഒളിച്ചോടിയത്.
ആദ്യ ദിനം തലശ്ശേരിയിലെ ലോഡ്ജില്‍ ഇരുവരും തങ്ങിയ ശേഷം പിന്നീട് കര്‍ണാടക വീരാജ്പേട്ടയിലെ ലോഡ്ജില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. ഭര്‍ത്താവിനെയും പത്തും പതിനൊന്നും വയസുള്ള രണ്ട് ആണ്‍കുട്ടികളെയും ഉപേക്ഷിച്ചാണ് യുവതി ഒളിച്ചോടിയത്. ഷിബീഷിന് ഭാര്യയും ഒരു മകനുമുണ്ട്.
ആദ്യം കാണാതായത് സംബന്ധിച്ച് കേസെടുത്ത പോലീസ് പിന്നീട് യുവതിയുടെ കുട്ടികളുടെ മൊഴിയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു. പ്രേരണാകുറ്റമാണ് കാമുകനായ ഷിബീഷിന് മേല്‍ ചുമത്തിയത്. കുട്ടികളെ സംരക്ഷിക്കാന്‍ ബാധ്യതപെട്ടവര്‍ അതില്‍ വീഴ്ച വരുത്തുന്നത് മുന്‍ നിര്‍ത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇന്ന് പയ്യോളി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.