പത്തനംതിട്ട: പന്തളം ആസ്ഥാനമായ ശ്രീവത്സം ഗ്രൂപ്പിന്റെ അനധികൃത ആസ്തിയായി കണ്ടെത്തിയ പണത്തിൽ നല്ലൊരു പങ്കും നാഗാലാൻഡിനുള്ള കേന്ദ്രഫണ്ട് വകമാറ്റിയതെന്ന് ആദായനികുതിവകുപ്പ് കണ്ടെത്തി. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ കേന്ദ്രസർക്കാരിനു കൈമാറും. തുടർഅന്വേഷണം സിബിഐ പോലെയുള്ള കേന്ദ്ര ഏജൻസി ഏറ്റെടുക്കുമെന്നാണ് സൂചന.
നാഗാലാൻഡിലെ ബോഡോ തീവ്രവാദികളെ അമർച്ച ചെയ്യാനും ആദിവാസി ക്ഷേമത്തിനുമായി അനുവദിച്ച തുക ശ്രീവത്സം ഗ്രൂപ്പ് ഉടമ നാഗാലാൻഡ് മുൻ അഡീഷണൽ എസ്പി എം.കെ. ആർ. പിള്ളയും സംഘവും ബിനാമി ഇടപാടിലൂടെ സ്വന്തം നിക്ഷേപമായി വളർത്തിയെന്നാണ് കണ്ടെത്തൽ. കോടി കണക്കിനു രൂപയുടെ നിക്ഷേപം ഇത്തരത്തിൽ അനധികൃതമാണെന്നാണ് വിലയിരുത്തൽ. 3000 കോടി രൂപയുടെ നിക്ഷേപമെങ്കിലും ശ്രീവത്സം ഗ്രൂപ്പിന്റെ പേരിൽ നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസങ്ങളിൽ നടന്ന പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
45 വർഷം മുന്‍പ് കോണ്‍സ്റ്റബിളായി നാഗാലാൻഡ് പോലീസ് ജോലിയിൽ പ്രവേശിച്ച എ.കെ.ആർ. പിള്ള എഎസ്പിയായി വിരമിച്ചെങ്കിലും സംസ്ഥാനത്തെ പോലീസ് ഉപദേഷ്ടാവായി ഇപ്പോഴും തുടരുകയാണ്. ഇതിന്റെ ലേബലിലാണ ്നാഗാലൻസ് സർക്കാരിന്റെ പോലീസ് വാഹനം ഇയാൾ നാട്ടിലെത്തിച്ചതെന്നും പറയുന്നു. സർവീസിൽ നിന്നു വിരമിച്ച പിള്ള വീണ്ടും നാഗാലാൻഡിലെത്തിയതും അവിടെ പോലീസിന്റെ ഉപദേഷ്ടാവായി ഒൗദ്യോഗിക ജീവിതം തുടർന്നതും ദുരൂഹത നിറഞ്ഞതാണ്. ഇതേക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സമീപകാലത്ത് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതു പ്രകാരം ശ്രീവത്സം ഗ്രൂപ്പ് 50 കോടി രൂപയുടെ സ്വത്ത് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് സ്വത്തിന്റെ ഉറവിടം തേടി അന്വേഷണം തുടങ്ങിയത്. ഇതിനിടയിലാണ് നാഗാലാൻഡിനുള്ള കേന്ദ്രഫണ്ട് വകമാറിയതു ശ്രദ്ധയിൽപെട്ടത്. സംസ്ഥാനത്തെ ചില ഉദ്യോഗസ്ഥർ ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് ശ്രീവത്സം ഗ്രൂപ്പിൽ നിക്ഷേപകരായുണ്ടെന്നു പറയുന്നു.
റെയ്ഡിനിടെ രാജേശഖരൻപിള്ളയുടെ മക്കളും ശ്രീവത്സം ഗ്രൂപ്പ് സഹപാർട്ണർമാരുമായ അരുണ്‍ രാജ്, വരുണ്‍ രാജ് എന്നിവർ 1000 കോടി രൂപയുടെ സ്വത്തുവിവരം ആദായനികുതി ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയിരുന്നു. ജ്വല്ലറികൾ, വസ്ത്രാലയങ്ങൾ, പണമിടപാട് സ്ഥാപനങ്ങൾ, ഓഡിറ്റോറിയം, പെട്രോൾ പന്പ്, ഇരുചക്രവാഹന വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ ശ്രീവത്സം ഗ്രൂപ്പിന് കേരളത്തിനകത്തും പുറത്തുമായുണ്ട്. ഇതുകൂടാതെ ശ്രീവത്സം ഗ്രൂപ്പിന്േറതായി നടന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ നാഗാലാൻഡ് ബന്ധം ചർച്ച ചെയ്യപ്പെടുന്നു. നാഗാലാൻഡിലെ ചില ഉദ്യോഗസ്ഥർ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ പങ്കാളികളുമായിട്ടുണ്ടെന്നു പറയുന്നു.
എം.കെ.ആർ. പിള്ളയുടെ വളർച്ച ചുരുങ്ങിയ കാലംകൊണ്ട്…
കുളനട (പന്തളം): തൊഴിൽ തേടി വടക്കുകിഴക്കൻ സംസ്ഥാനത്തേക്കു പോയ കുളനട സ്വദേശി എം.കെ.ആർ. പിള്ളയുടെ മടക്കം ധനാഢ്യനായി. കുളനട ഗ്രാമത്തിൽ നിന്നു നാഗാലാൻഡിലെത്തി അവിടെ ഒരു പോലീസ് ഉദ്യോഗസ്ഥനായി ജോലി ചെയ്തു തിരികെ നാട്ടിലെത്തി പടുത്തുയർത്തിയ ശ്രീവത്സം ഗ്രൂപ്പ് കുറഞ്ഞകാലം കൊണ്ടു ഉണ്ടാക്കിയെടുത്ത കോടികളുടെ ആസ്തിയാണ് ഇപ്പോൾ ഒരു അന്വേഷണം നടത്താൻ ആദായനികുതി വകുപ്പിനെ പ്രേരിപ്പിച്ചത്.
നോട്ടു നിരോധനത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ ആസ്തികൾ വെളിപ്പെടുത്താൻ ബിസിനസുകാർക്കും മറ്റും കേന്ദ്ര സർക്കാർ നൽകിയ സാവകാശം വിനിയോഗിച്ച് 50 കോടി രൂപ ശ്രീവത്സം ഗ്രൂപ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ദുരൂഹതകളാണ് ശ്രീവത്സം സ്ഥാപനങ്ങളിലേക്ക് പരിശോധനയിലേക്കു നയിച്ചത്. ഒരേസമയം വിവിധ സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന തുടങ്ങിയതോടെ ആസ്തിയുടെ ആഴം കൂടി. 50 കോടിയുടെ സ്വത്ത് വെളിപ്പെടുത്തിയവർ വളരെ പെട്ടെന്ന് 1000 കോടിയുടെ വെളിപ്പെടുത്തലുമായി വന്നു.
പ്രാഥമിക അന്വേഷണത്തിൽ തന്നെ 3000 കോടിയുടെ അനധികൃതസ്വത്തെന്ന് ആദായി നികുതി വകുപ്പും സൂചന നൽകി.
അനധികൃതസ്വത്തുക്കളെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം എം.കെ.ആർ. പിള്ള ഹരിപ്പാട്ടെത്തി സ്വന്തം സ്ഥാപനത്തിൽ പകൽ ചെലവഴിച്ചതായി വിവരം ലഭിച്ചു. ജീവനക്കാരുടെ യോഗം വിളിച്ച് അതിൽ അദ്ദേഹം സംസാരിക്കുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥ, രാഷ്ട്രീയ സ്വാധീനം പിള്ളയ്ക്കുണ്ടെന്ന ആരോപണങ്ങൾക്കിടെയാണ് അദ്ദേഹം ഇപ്പോഴും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഇടപെടലുകൾ നടത്തിവരുന്നത്.