പിള്ള വിഴുങ്ങിയത് നാഗാലാന്‍ഡിനെ മൊത്തമായി;പിള്ളയുടെ വീട്ടില്‍ കണ്ട നാഗാലാന്‍ഡ് പോലീസ് ട്രക്ക് മോഷ്ടിച്ചു കടത്തിയത്; പോലീസ് ഉപദേശക സ്ഥാനത്തു നിന്നും തെറിച്ചതിനാല്‍ ഇനി കൊഹിമയിലേക്കു പോകാനാവില്ല

pillai600തിരുവനന്തപുരം: നാഗാലാന്‍ഡ് പോലീസിലെ ഉന്നതസ്ഥാനമുപയോഗിച്ച് ശതകോടികളുടെ അനധികൃത സ്വത്തു സമ്പാദിച്ച എംകെആര്‍ പിള്ളയ്ക്കു കുരുക്കു മുറുകുന്നു. പിള്ളയെ പൊലീസ് ഉപദേശക സ്ഥാനത്തു നിന്ന് നാഗാലാന്‍ഡ് സര്‍ക്കാര്‍ പുറത്താക്കി. ആരോപണം സര്‍ക്കാരിന്റെ പ്രതിഛായയില്‍ കരിനിഴല്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് നാഗാലാന്‍ഡ് സര്‍ക്കാര്‍. നിലവില്‍ അവധിയിലായിരുന്നു പിള്ള. ഇതിനിടയിലാണ് കാര്യങ്ങളെല്ലാം കലങ്ങി മറിഞ്ഞത്. നാഗാലാന്‍ഡില്‍ പിള്ളയെത്തിയാല്‍ പൊലീസ് ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റും ചെയ്യാനാണ് തീരുമാനം. ഇതോടെ പിള്ള ഇനി നാഗാലാന്‍ഡിലേക്കു പോവില്ലയെന്നാണ് വിവരം.

എം കെ ആര്‍ പിള്ളയെ പൊലീസിന്റെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റ് സ്ഥാനത്തു നിന്നാണ് പുറത്താക്കിയത്. വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ തന്നെ പിള്ളയെ പുറത്താക്കുകയായിരുന്നുവെന്നാണ് നാഗാലാന്‍ഡ് സര്‍ക്കാര്‍ പറയുന്നത്. പിള്ളയ്‌ക്കെതിരായ ആരോപണത്തില്‍ തങ്ങള്‍ക്ക് ഔദ്യോഗികമായി യാതൊരു വിവരങ്ങളുമില്ല. മാധ്യമങ്ങളില്‍ ഇതേക്കുറിച്ച വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് പൊലീസിലെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്ന് നീക്കിയതെന്നാണ് നാഗാലാന്‍ഡ് ഡിജിപി എല്‍ എല്‍ ഡന്‍ഗല്‍ പറഞ്ഞു. ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടികളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ഇതോടൊപ്പം മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരം കൂടി പുറത്തു വന്നു. പിള്ളയുടെ വീട്ടില്‍ കണ്ടെത്തിയ നാഗാലാന്‍ഡ് ട്രക്ക് പിള്ള തങ്ങളുടെ അറിവില്ലാതെയാണ് കൊണ്ടു പോയതാണെന്ന് നാഗാലാന്‍ഡ് പോലീസ് വ്യക്തമാക്കി. ഈ ട്രക്ക് എങ്ങനെ ഇത്രയും ദൂരം സഞ്ചരിച്ച പിള്ളയുടെ വീട്ടിലെത്തിയത് എന്നതിനെ സംബന്ധിച്ച് അന്വേഷണം നടക്കുമെന്നും എല്‍എല്‍.ഡംഗല്‍ അറിയിച്ചു. ഇത് മോഷണ കുറ്റത്തിന് സമാനമാണ്. അതുകൊണ്ട് തന്നെ ട്രക്ക് മോഷ്ടിച്ച കുറ്റം പിള്ളയ്‌ക്കെതിരെ ചുമത്താനാണ് നാഗാലാന്‍ഡ് പൊലീസിന്റെ തീരുമാനം. ഇതു മനസ്സിലാക്കിയാണ് ഇനി നാഗാലാന്‍ഡിലേക്ക് ഇല്ലെന്ന് പിള്ള തീരുമാനിച്ചത്. അവിടെ പോയാല്‍ പിന്നെ പുറംലോകം കാണില്ലെന്നും പിള്ളയ്ക്കു നന്നായി മനസ്സിലായിട്ടുണ്ട്.

ആദായ നികുതി വകുപ്പിന്റെ നടപടിയില്‍ കേരളാ പോലീസിന് കേസെടുക്കാന്‍ കഴിയില്ലയെങ്കിലും മോഷണക്കുറ്റത്തിന് നാഗാലാന്‍ഡ് പൊലീസ് എഫ് ഐ ആര്‍ ഇട്ടാല്‍ പിള്ളയെ ഇവിടെ വന്ന് അറസ്റ്റു ചെയ്യാനാകും. എന്നാല്‍ സ്വാധീനത്തിലൂടെ ഈ നീക്കം ഒതുക്കാനാണ് പിള്ളയിപ്പോള്‍ ശ്രമിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ കേസില്‍ നിന്ന് പിഴയടച്ച് രക്ഷപ്പെടാനാണ് നീക്കം. ഇതിലൂടെ മറ്റ് നടപടികള്‍ ഒഴിവാക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ ഉന്നത ബന്ധങ്ങളുള്ള പിള്ളയ്‌ക്കെതിരെ കേസെടുക്കുമെന്ന് പറയുന്നതല്ലാതെ നാഗാലാന്‍ഡ് പൊലീസ് കാര്യമായി ഒന്നും ചെയ്യില്ല. ഇതിലൂടെ കേരളത്തില്‍ വിലസാന്‍ പിള്ളയ്ക്ക് അവസരമൊരുങ്ങുകയും ചെയ്യും.

അതിനിടെ ശ്രീവല്‍സം ഗ്രൂപ്പിന്റെ 30ഓളം ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. നാഗാലാന്‍ഡ്, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലും കേരളത്തിലും സ്വന്തം പേരിലും ബന്ധുക്കളുടെയും സ്ഥാപനങ്ങളുടെയും പേരിലും ബിനാമി പേരുകളിലും ഒട്ടേറെ ബാങ്ക് അക്കൗണ്ടുകള്‍ എം കെ ആര്‍ പിള്ളയ്ക്ക് (ശ്രീവല്‍സം പിള്ള) ഉള്ളതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. റെയ്ഡിനിടെ കണ്ടെത്താന്‍ കഴിഞ്ഞ അക്കൗണ്ടുകള്‍ മാത്രമാണു മരവിപ്പിക്കാന്‍ സാധിച്ചിട്ടുള്ളതെന്നും വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണു കരുതുന്നതെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഓരോ അക്കൗണ്ടിലൂടെയും നടന്ന പണമിടപാടിന്റെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനൊപ്പം നിരവധി ബാങ്ക് ലോക്കറുകള്‍ മുദ്രവയ്ക്കുകയും ചെയ്തിട്ടുണ്ട്. മുദ്രവച്ചിട്ടുള്ള ലോക്കറുകളുടെ പരിശോധന ഇതിന്റെ തുടര്‍ച്ചയായി നടക്കും.കേരളത്തിനകത്തും പുറത്തുമുള്ള എം കെ ആര്‍ പിള്ളയുടെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡില്‍ 60 ലക്ഷം രൂപയുടെ കറന്‍സിയും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത രേഖകളടക്കമുള്ളവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇനിയും കൊച്ചിയില്‍ എത്തിയിട്ടില്ല. രേഖകള്‍ കൊണ്ടുവന്നു പരിശോധിച്ച ശേഷമേ പിള്ളയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യലിനായി വിളിക്കൂ.

കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ആദായനികുതി ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഏകോപിതമായ അന്വേഷണമാണു നടക്കുന്നത്. ശ്രീവല്‍സം ബിസിനസ് സാമ്രാജ്യത്തിന്റെ കേരളത്തിലെ നടത്തിപ്പുകാരുമായ അരുണ്‍രാജ,് വരുണ്‍ രാജ് എന്നിവര്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും ഗ്രൂപ്പിന് 1000 കോടി രൂപയുടെ സ്വത്തുള്ളതായി അവര്‍ സമ്മതിച്ചതായും വാര്‍ത്തയുണ്ട്. ഗ്രൂപ്പിന്റെ മൊത്തം ആസ്തി മൂവായിരം കോടി കവിയുമെന്നാണ് പറയപ്പെടുന്നത്.

പന്തളത്തും ഹരിപ്പാടും കായംകുളത്തും മറ്റുമായി വസ്ത്രം, ആഭരണം, വാഹനം, ഭൂമികച്ചവടം എന്നിങ്ങനെ വിവിധ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട് ഒരു മുന്‍ പൊലീസ് കോണ്‍സ്റ്റബിളില്‍ നിന്നും പിള്ളയുടെ ഈ വളര്‍ച്ച നാട്ടുകാര്‍ക്കാര്‍ക്കും വിശ്വസിക്കാനായിട്ടില്ല. നാഗാലാന്‍ഡ് സര്‍ക്കാരിന്റെ ഫണ്ട് വകമാറ്റിയതാണ് പിള്ളയ്ക്ക് ഇത്രയും വലിയ സമ്പാദ്യമുണ്ടാകാന്‍ കാരണമെന്നാണ് ആദായ നികുതി വകുപ്പിന്റെ നിരീക്ഷണം. കൂടാതെ നിരവധി ഉന്നതര്‍ക്കും ഗ്രൂപ്പില്‍ പങ്കാളിത്തമുണ്ട്. 16,657 കോടി രൂപ വരവും 16,365 കോടി രൂപ ചെലവുമുള്ള ബജറ്റ് അവതരിപ്പിക്കുന്ന നാഗാലാന്റ് എന്ന സംസ്ഥാനത്ത് നിന്നാണ് 425 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തിയത്. ഇത് നാഗാലാന്റിലെ വാര്‍ഷിക വരുമാനത്തിന്റെ 2.55 ശതമാനം വരും.പിള്ളയുടെ അംഗീകൃത സ്വത്ത് കൂടാതെയുള്ള കണക്കാണിത്. ശ്രീവത്സം ഗ്രൂപ്പിന്റെ സ്വത്ത് സമ്പാദനത്തെ കുറിച്ച് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഉന്നത ഇടപെടല്‍ മൂലം അന്വേഷണം മരവിപ്പിക്കുകയായിരുന്നു. എന്തായാലും പിള്ളയ്‌ക്കെതിരേയുള്ള ആരോപണങ്ങള്‍ കൂടുതല്‍ ശക്തമാവുകയാണ്.

Related posts