ശ്രീവത്സം പിള്ള ചെറിയമീനല്ല കൊമ്പന്‍ സ്രാവ്! നാഗാ പോരാളികളുടെ ഇഷ്ടതോഴന്‍; വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭീകരവാദം വളര്‍ത്തി; കള്ളപ്പണം വെളുപ്പിക്കാന്‍ തെരഞ്ഞെടുത്തത് കേരളവും

pillai600കൊച്ചി: ശ്രീവല്‍സം ഗ്രൂപ്പ് ഉടമ എം.കെ.ആര്‍. പിള്ള കരുതിയതിലും വലിയ ക്രിമിനല്‍. പിള്ള നാഗാ കലാപകാരികള്‍ക്കും പണം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. ശ്രീവത്സം ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്  രണ്ടു വര്‍ഷം മുമ്പ് ഇന്റലിജന്‍സ് ഏജന്‍സികള്‍ വിവരം നല്‍കിയെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നെന്നാണ് വിവരം. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തായിരുന്നു ഇത്. ശ്രീവല്‍സം ഗ്രൂപ്പുമായി തനിക്ക് ബന്ധമില്ലെന്ന് ചെന്നിത്തല പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പുതിയ വിവരം പുറത്തുവന്നതും. ശ്രീവല്‍സം ഗ്രൂപ്പിനെതിരെ ഉന്നയിച്ച ഇടപാടുകളെക്കുറിച്ച് ഒരു അന്വേഷണവും നടന്നില്ല. ഇതിന് കാരണം ഉന്നത തല ബന്ധങ്ങളാണെന്നാണ് സൂചന.

പണം കടത്താനായി പിള്ള നാഗാലാന്‍ഡ് പോലീസിന്റെ ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിച്ചതായും ആരോപണമുയര്‍ന്നിരുന്നു. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ഭൂമിയിടപാടും ഗ്രൂപ്പ് നടത്തിയെന്നു സൂചനയുണ്ട്. ഈ സംശയങ്ങളാണ് പോലീസിനെ പിള്ളയിലേക്കെത്തിച്ചത്.  പ്രദേശത്തു നിന്നു ലഭിച്ച പരാതിയില്‍ തുടരന്വേഷണം നടത്തിയതു വഴിയാണ് നാഗാലാന്‍ഡ് വാഹനങ്ങള്‍ സ്ഥിരമായി പന്തളത്തു വന്നു പോകുന്നുവെന്ന് കണ്ടെത്തുന്നത്. എന്നാല്‍ നാഗാലാന്‍ഡ് പൊലീസിന്റെ വാഹനങ്ങളില്‍ എന്തു കടത്തുന്നുവെന്നു പരിശോധിക്കാന്‍ പൊലീസ് മിനക്കെട്ടില്ലയെന്നതാണ് സത്യം.

തുടര്‍ന്ന് കേരളാ പോലീസിലെ ഇന്റലിജന്‍സ് വിഭാഗവും അന്വേഷണത്തിനു റിപ്പോര്‍ട്ട് നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. അന്ന് പാതിവഴിയിലവസാനിച്ച അന്വേഷണം വീണ്ടും പൊടിതട്ടിയെടുക്കുകയാണ് പൊലീസ്. അതിനിടെ ശ്രീവല്‍സം ഗ്രൂപ്പിന് യുഡിഎഫുമായി ബന്ധമുണ്ടെന്ന ആരോപണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഹരിപ്പാട് മെഡിക്കല്‍ കോളജുമായി ശ്രീവല്‍സം ഗ്രൂപ്പിന് ബന്ധമില്ല. ആരോപണങ്ങള്‍ യുഡിഎഫിനെ കരിതേച്ചുകാണിക്കാനാണ്. പുകമറ നീക്കാന്‍ സി ബി ഐയോ ഏതെങ്കിലും ഉന്നത സര്‍ക്കാര്‍ ഏജന്‍സിയോ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് കഴിഞ്ഞ ദിവസം യുഡിഎഫിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

ആദായ നികുതി വകുപ്പ് നാഗാലാന്‍ഡില്‍ നടത്തിയ പരിശോധനയില്‍ പിള്ളയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്താവുകയും ചെയ്തു. എംകെആര്‍ പിള്ള, ഭാര്യ വത്സല രാജ്, മകന്‍ അരുണ്‍ രാജ് എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് പുറത്തുവന്നത്. ശ്രീവത്സം ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ പിന്നില്‍ നാഗാലാന്‍ഡില്‍ നിന്നുള്ള പണമാണെന്ന തെളിയിക്കുന്ന വിവരങ്ങളാണ് അക്കൗണ്ടിലുള്ളത്. 20 ബാങ്ക് അക്കൗണ്ടുകളാണ് നാഗാലാന്‍ഡില്‍ പിള്ളയ്ക്കുള്ളത്. ജൂണ്‍ ഒന്ന് 2016 ന് എംകെആര്‍ പിള്ളയുടേതായ ബാങ്ക് അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന പണത്തിനേക്കുറിച്ചും ഇടപാടുകളേക്കുറിച്ചുമുള്ള വിവരങ്ങളാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നത്. ഈ വിവരങ്ങളാണ് പുറത്തുവിട്ടത്. നാഗാലാന്‍ഡിലെ കോഹിമയിലും ദിമാപൂരിലും, ലെറിയിലുമായി 10 ബാങ്കുകളിലാണ് 20 അക്കൗണ്ടുകള്‍ ഉള്ളത്. 2016 ജൂണ്‍ ഒന്നിന് 1,49,96,321 രൂപയാണ് ഈ അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത്. ഈ അക്കൗണ്ടുകളില്‍ കൂടിയാണ് കേരളത്തിലേക്ക് കോടിക്കണക്കിന് പണം എത്തിയത്.
car
നാഗാലാന്‍ഡിലെ പണമുപയോഗിച്ച് വളര്‍ന്ന ശ്രീവല്‍സം ഗ്രൂപ്പ് കേരളത്തില്‍ കരുതലോടെയാണ് പ്രവര്‍ത്തിച്ചത്. പല സാമൂഹിക സംഘടനകളില്‍ നിന്നും അച്ഛനും മകനും അവാര്‍ഡുകള്‍ വാങ്ങിച്ചെടുത്തു. വ്യവസായ സംരഭകനെന്ന നിലയില്‍ ശ്രദ്ധനേടിയെടുക്കാനാണ് ശ്രമിച്ചത്. അഡംബരക്കാറുകളിലായിരുന്നു ഈ കുടുംബത്തിന്റെ യാത്ര. മണി മുറ്റത്ത് എന്ന ചിട്ടിക്കമ്പനിയുടെ പ്രവര്‍ത്തനവും പരിശോധിക്കുന്നുണ്ട്. ഈ ചിട്ടക്കമ്പനി ഉപയോഗിച്ചാണ് പണം വെളുപ്പിച്ചതെന്നാണ് വിലയിരുത്തല്‍. ഇതിനൊന്നും കൃത്യമായ മറുപടി നല്‍കാന്‍ ശ്രീവല്‍സം ഗ്രൂപ്പ് മെനക്കെടുന്നുമില്ല. ഒന്നും തങ്ങള്‍ക്ക് സംഭവിക്കില്ലെന്നാണ് ഇവര്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നത്. കേരളത്തില്‍ കേസൊന്നും ഇല്ലാത്തതു കൊണ്ട് തന്നെ പഴയതു പോലെ തന്നെ നീങ്ങാനും കഴിയും. അതിനിടെ ഈ ഗ്രൂപ്പിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ആദായ നികുതി വകുപ്പ് നീക്കം തുടങ്ങിയിട്ടുണ്ട്.

ഈ അക്കൗണ്ടുകളെക്കുറിച്ചും അവയില്‍ എത്രകോടിയുടെ ഇടപാടുകളാണ് നടത്തിയിരുന്നതെന്ന് നാഗാലാന്‍ഡില്‍ ആദായനികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. എംകെആര്‍ പിള്ളയുടെ ഭാര്യ വത്സല രാജിന് കോഹിമയിലും ദിമാപുരിലുമായി അഞ്ചക്കൗണ്ടുകളുണ്ട്. ബാക്കിയുള്ളവ ബംഗളൂരുവിലും ചെന്നൈയിലുമാണ്. ഈ അക്കൗണ്ടുകളിലായി 89,36,481.13 ലക്ഷം രൂപയാണ് ജൂണ്‍ ഒന്നിന് ഉണ്ടായിരുന്നത്. മകന്‍ അരുണ്‍ രാജിന് നാലു ബാങ്കുകളിലായി കോഹിമയില്‍ മാത്രം അഞ്ച് അക്കൗണ്ടുകളാണ് ഉള്ളത്. ബാക്കിയുള്ളവ ബംഗലൂരുവിലും മറ്റുമാണ്. 49,45,475 രൂപയാണ് ഈ അക്കൗണ്ടുകളില്‍ ഉള്ളത്. കോഹിമയില്‍ പല വ്യാപാര സ്ഥാപനങ്ങളും പിള്ളയ്ക്കുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. പെട്രോള്‍ പമ്പുകള്‍, ബേക്കറി എന്നിങ്ങനെ നിരവധി ബിനാമികളാണ് പിള്ളയ്ക്കുള്ളത്. നാഗാലാന്‍ഡിലെ പിള്ളയുടെ ബിനാമിയാണ് സര്‍ക്കാര്‍ കോണ്‍ട്രാക്ടറായ ആദിവാസി ടി.ഇ.പി രക്മ. താന്‍ പിള്ള നല്‍കിയ പേപ്പറുകളില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും മറ്റൊന്നുമറിയില്ലെന്നുമാണ് രക്മ പറയുന്നത്.

കേരളത്തിന് അകത്തും, പുറത്തും കോടികളുടെ ബിനാമി ഇടപാടുകള്‍ ശ്രീവല്‍സം ഗ്രൂപ്പ് നടത്തിയതായും തെളിഞ്ഞെങ്കിലും വിദേശ പണമിടപാട് നടത്തിയതിന്റെ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ഇതുവരെ 425 കോടിയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സംബന്ധിച്ച രേഖകളാണ് കണ്ടെത്തിയത്. തിങ്കളാഴ്ച 100 കോടി രൂപയുടെ അനധികൃത സ്വത്തിനെക്കുറിച്ചുള്ള രേഖകള്‍ ലഭിച്ചിരുന്നു.

നാഗാലാന്‍ഡില്‍ അസിസ്റ്റന്റ് എസ്പിയായിരുന്ന പിള്ളയ്ക്ക് ഇത്രയുമധികം കോടികള്‍ എങ്ങനെയുണ്ടാക്കാന്‍ കഴിഞ്ഞുവെന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. നാഗാലാന്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും ഇടപാടുകള്‍ക്കു ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതോടൊപ്പം അവരുടെയും കള്ളപ്പണം നിക്ഷേപിച്ചുമാണ് പിള്ള ഇത്രയുമധികം സ്വത്തുണ്ടാക്കിയതെന്ന് സൂചനയുണ്ട്. 2003ലാണ് പിള്ള പന്തളം, കുളനട എന്നീ സ്ഥലങ്ങളില്‍ ശ്രീവല്‍സമെന്ന പേരില്‍ സ്ഥാപനം തുടങ്ങിയത്. പിന്നീട് അവിശ്വസനീയമാംവിധം ഈ സ്ഥാപനങ്ങള്‍ വളരുകയായിരുന്നു. പിള്ള ജോലിയുമായി ബന്ധപ്പെട്ടു നാഗാലാന്‍ഡില്‍ ആയതിനാല്‍ അവിടെയുള്ളവരുടെ കള്ളപ്പണ നിക്ഷേപം ശ്രീവല്‍സം ഗ്രൂപ്പില്‍ ഉണ്ടായിട്ടുണ്ടെന്നു പരിശോധനയില്‍ കണ്ടെത്തിയെന്നാണ് വിവരം.

Related posts