ആലപ്പുഴ: ശ്രീവത്സം പിള്ളയുടെ വിശ്വസ്ത രാധാമണിയുടെ ഭര്‍ത്താവ് കൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തി. നാഗാലാന്‍ഡ് പോലീസിന്റെ ഔദ്യോഗിക വാഹനങ്ങളില്‍ സംസ്ഥാനത്തേക്ക് പണം കടത്തിയെന്ന് ആരോപണം ഉയരുന്നതോടെയാണ് ശ്രീവത്സം പിള്ള വിവാദ നായകനാകുന്നത്. തുടര്‍ന്ന് ശ്രീവത്സം ഗ്രൂപ്പില്‍ ആദായവകുപ്പ് നടത്തിയ റെയ്ഡില്‍ ആയിരംകോടിയുടെ ബിനാമി ഇടപാടുകളും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പിള്ളയ്ക്ക് നാഗാ കലാപകാരികളുമായുള്ള ബന്ധം വെളിപ്പെട്ടത്. ഇതോടെ രാധാമണി പിള്ളയുടെ ബിനാമി ആണെന്നും തെളിഞ്ഞു. അതോടെ ഹരിപ്പാട്ടുള്ള ഇവരുടെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി. പിള്ളയുടെ സകല കളികളും അറിയാവുന്ന ആളായിരുന്നു കൃഷ്ണന്. ഇന്നലെ രാത്രിയാണ് കൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ ദുരൂഹതകളേറെയെന്നാണ് പോലീസ് പറയുന്നത്.
രാധാമണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. പിള്ളയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകളുടെ ബിനാമിയായിരുന്നു രാധാമണി. പിള്ളയുടെ പേരിലുള്ള 10 കോടിയുടെ നിക്ഷേപങ്ങളുടെ രേഖകള്‍ രാധാമണിയുടെ ഹരിപ്പാട്ടുള്ള വീട്ടില്‍ നിന്നും കണ്ടെടുത്തതായും വിവരമുണ്ടായിരുന്നു. എല്ലാ ഇടപാടുകളും അറിയാമായിരുന്ന കൃഷ്ണന്റെ മരണം അസ്വഭാവികമാവുന്നതും അതുകൊണ്ടാണ്. ആത്മഹത്യ ചെയ്യേണ്ട കാര്യമൊന്നും ഇയാള്‍ക്കില്ലെന്ന് നാട്ടുകാരും പറയുന്നു. രാധാമണിയും കൃഷ്ണനും ഏറെക്കാലം നാഗാലാന്ഡിലുമുണ്ടായിരുന്നു. ഇതൊക്കെയാണ് സംഭവത്തെ ദുരൂഹമാക്കുന്നതും. സംഭവത്തെ ആത്മഹത്യയാക്കാനും ശ്രമം നടക്കുന്നുണ്ട് എന്നാണ് വിവരം.
നാഗാലാന്‍ഡില്‍ പിള്ള നടത്തിയ കളികളെല്ലാം രാധാമണിയെ മുന്നില്‍ നിര്‍ത്തിയായിരുന്നു. ശ്രീവല്‍സം വെഡിങ് സെന്റര്‍, ശ്രീവല്‍സം ഗോള്‍ഡ്, ആറന്മുളയിലെ സുദര്‍ശനം സെന്‍ട്രല്‍ സ്കൂള്‍, മണിമറ്റം ഫിനാന്‍സ്, രാജവല്‍സം മോട്ടോഴ്സ് എന്നിവയും രാധാമണിയുടെ നിയന്ത്രണത്തിലായിരുന്നു. ജീവനക്കാര്‍ക്കിടയില്‍ മാഡം എന്നറിയപ്പെടുന്ന രാധാമണിയാണ് ശ്രീവല്‍സത്തിന്റെ അവസാന വാക്ക്. കേരളാ രാഷ്ട്രീയത്തിലും പിള്ളയ്ക്ക് വിപുലമായ ബന്ധങ്ങളുള്ളതിനാല്‍ കേസ് അട്ടിമറിക്കാനുള്ള സാധ്യതകളും സജീവമാണ്.അതിനിടെയാണ് കൃഷ്ണന്റെ അപ്രതീക്ഷ മരണം.രാധാമണിയെ കേന്ദ്രീകരിച്ച പല അന്വേഷണങ്ങളും നടക്കുന്നുണ്ട്. നോട്ട് നിരോധനകാലയളവിലെ എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും വേദിയായതും രാധാമണിയുടെ വീടാണ്. എന്തായാലും കൃഷ്ണന്റെ മരണം പല ചോദ്യങ്ങളും ഉയര്‍ത്തുകയാണ്.