തിരുവനന്തപുരം: ശ്രീവരാഹം പുന്നപുരം സ്വദേശി മണിക്കുട്ടൻ എന്ന് വിളിയ്ക്കുന്ന ശ്യാം (28) നെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി. ശ്രീവരാഹം സ്വദേശി അർജുൻ (24) ആണ് ഫോർട്ട് പോലീസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെ തന്പാനൂർ റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞാഴ്ച അർധ രാത്രി പതിനൊന്നരയോടെയാണ് അർജുന്റെ കുത്തേറ്റ് ശ്യാം മരിച്ചത്. ശ്രീവരാഹത്ത് രാത്രിയിൽ രണ്ട് സംഘങ്ങൽ തമ്മിലുണ്ടായ ഏറ്റുമുട്ടൽ തടയാൻ ശ്രമിക്കവെയാണ് ശ്യാമിന് കുത്തേറ്റത്.
ശ്രീവരാഹം സ്വദേശിയായ അർജുനാണ് ശ്യാമിനെ കുത്തി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.സംഭവത്തിന് ശേഷം ഒളിവിൽ പോയ അർജുനെ പിടികൂടാൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. അർജുന്റെ കൂട്ടാളികളായ ശ്രീവരാഹം സ്വദേശികളായ രഞ്ജിത്ത്(24), മനോജ് (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇരുവരും ഇപ്പോൾ റിമാൻഡിലാണ്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ആർ.പ്രതാപൻ നായർ, ഫോർട്ട് സിഐ. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അർജുൻ ഉൾപ്പെട്ട സംഘം ഒരു യുവാവിനെ മർദ്ദിക്കുന്നത് ബൈക്കിൽ പോകവെ ശ്രദ്ധയിൽപ്പെട്ട ശ്യാം തടയാൻ ശ്രമിച്ചതാണ് കുത്തേൽക്കാൻ ഇടയായത്.
കുപ്പി കൊണ്ടുള്ള കുത്തേറ്റാണ് ശ്യാം മരിച്ചതെന്ന് പോലീസ് പറഞ്ഞു. മയക്കു മരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന വ്യക്തിയാണ് അർജുനെന്ന് പോലീസ് പറഞ്ഞു.