വിവാഹനിശ്ചയം കഴിഞ്ഞുള്ള ആദ്യ വലന്റൈന്‍ ഡേ ആഘോഷമാക്കി നടി ശ്രീവിദ്യ മുല്ലച്ചേരിയും ഭാവി വരൻ രാഹുലും.
ഭാവി വരന് സർപ്രൈസ് നൽകാനാണ് ശ്രീവിദ്യ ശ്രമിച്ചതെങ്കിലും അതിലും വലിയ പണി തിരിച്ചു കിട്ടിയത് പങ്കുവച്ചിരിക്കുകയാണ് താരം.
യൂട്യൂബ് ചാനലിലൂടെയായാണ് ശ്രീവിദ്യ പുതിയ വിശേഷം പങ്കുവച്ചത്. രാഹുലിന് സർപ്രൈസ് കൊടുക്കണമെന്ന ലക്ഷ്യത്തോടെ ടാറ്റു സ്റ്റുഡിയോയിൽ ചെന്ന നടിക്ക് തിരിച്ചു കിട്ടിയത് അതിലും വലിയൊരു സർപ്രൈസ് ആയിരുന്നു.
ടാറ്റു ഏറെ ഇഷ്ടപ്പെടുന്ന രാഹുലിന് ശിവന്റെ ടാറ്റു റീടച്ച് ചെയ്യാൻ ആഗ്രഹമുണ്ടെന്നും ഈ വലന്റൈൻ ദിവസം താൻ അത് സാക്ഷാത്കരിക്കുകയാണെന്നും പറഞ്ഞാണ് ശ്രിവിദ്യ രാഹുലിനെ കൂട്ടിക്കൊണ്ടുപോകുന്നത്.
എന്നാൽ റീടച്ചിംഗിന് ഒരുപാട് സമയം എടുക്കുമെന്നതിനാൽ പുറത്തു പോയി വരാമെന്ന് പറഞ്ഞ് ശ്രീവിദ്യ പോയി.
തിരികെ വന്നപ്പോഴാണ് രാഹുൽ ശ്രീവിദ്യക്കും സർപ്രൈസ് നൽകിയത്. ടാറ്റു ചെയ്യാൻ തനിക്ക് പേടിയാണെന്നും അച്ഛൻ വീട്ടിൽ കയറ്റില്ലെന്നുമൊക്കെ താരം പറഞ്ഞെങ്കിലും രാഹുൽ വിട്ടില്ല. ഒടുവിൽ ടാറ്റു ചെയ്യുന്ന നടിയെയാണ് വീഡിയോയിൽ കാണാനാവുക.
സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ് രാഹുൽ. 2019ൽ പുറത്തിറങ്ങിയ ജീം ബൂം ബാ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് രാഹുൽ. സുരേഷ് ഗോപിയാണ് ചിത്രത്തിൽ നായകൻ.