സ്വന്തം ലേഖകൻ
തിരുവനന്തപുരം: കതിർമണ്ഡപത്തിൽ നിന്നു നവവരന്റെ കൈപിടിച്ച് നവവധു ആദ്യമെത്തിയത് തന്റെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ. കുടപ്പനക്കുന്ന് സ്വദേശി അനൂപും ചെറുപാലോട് സ്വദേശിനി ശ്യാമിലിയും ഇന്നലെ ഉച്ചയ്ക്ക് നെട്ടയം ഇരുകുന്നം മുടിപ്പുര ദേവീക്ഷേത്രത്തിലാണ് വിവാഹിതരായത്.
വിവാഹശേഷം മണ്ഡപത്തിൽ നിന്നും വരന്റെ വീട്ടിലേക്കു പോകും വഴിയാണ് ശ്യാമിലി വോട്ടുചെയ്യാനായി വട്ടിയൂർക്കാവ് മണ്ഡലത്തിലെ 41-ാം നന്പർ ബൂത്തായ വേറ്റിക്കോണം എൽപി സ്കൂളിലെത്തിയത്. ബൂത്തിലേക്കു പട്ടുസാരിയുടുത്ത് ആഭരണങ്ങൾ അണിഞ്ഞെത്തിയ നവവധുവിനെ കണ്ടതോടെ ക്യൂവിൽ നിന്നവർ സന്തോഷത്തോടെ ശ്യാമിലിയെ ബൂത്തിലേക്കു കയറ്റിവിട്ടു. രാവിലെ മണ്ഡപത്തിലേക്കു വരും വഴി അനൂപ് കുടപ്പനകുന്ന് സ്ക്കൂളിൽ വോട്ടു രേഖപ്പെടുത്തിയിരുന്നു.
വോട്ട് പാഴാക്കരുതെന്ന് തങ്ങൾക്കു നിർബന്ധമുണ്ടായിരുന്നുവെന്നു വോട്ടു രേഖപ്പെടുത്തിയശേഷം പോളിംഗ് ബൂത്തിനു പുറത്തെത്തിയ ശ്യാമിലിയും അനൂപും പറഞ്ഞു. പിഎസ് സി പരീക്ഷ എഴുതുന്നതിനായുള്ള പഠനത്തിലാണ് ശ്യാമിലി. അനൂപ് വർക്ഷോപ്പ് മെക്കാനിക്കാണ്.
ചെറുപാലോട് ശരണ്യാ ഭവനിൽ ശശിയുടെയും ലതയുടെയും മകളാണ് ശ്യാമിലി. കരകുളം വഴയില അനൂപ് നിവാസിൽ സുരേഷ് കുമാറിന്റെയും മോളിയുടെയും മകനാണ് അനൂപ്.