തിരുവനന്തപുരം: അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു കിടന്ന മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ ഇതുവഴി വന്ന ബൈക്കിന്റെ പിന്നിൽ കയറ്റി ആശുപത്രിയിലേക്കു വിടാനും ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ശ്രമിച്ചതായി സംഭവത്തിനു ദൃക്സാക്ഷിയായ ജോബി പറഞ്ഞു.
താൻ അതുവഴി ബൈക്കിൽ വരികയായിരുന്നു. ശ്രീറാം സഞ്ചരിച്ചിരുന്ന കാർ അമിതവേഗത്തിൽ ഇരന്പിച്ചു പായുകയായിരുന്നു. പിന്നാലെ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി. എന്താണെന്ന് അന്വേഷിച്ചപ്പോൾ തന്റെ ബൈക്കിനു പിന്നിൽ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബഷീറിനെ എടുത്തു കയറ്റാൻ ശ്രമമുണ്ടായതായും ജോബി ആരോപിക്കുന്നു. മദ്യപിച്ച നിലയിലായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ.
ഡ്രൈവിംഗ് സീറ്റിൽ ഇയാൾ തന്നെയായിരുന്നു. പുരുഷനാണ് കാർ ഓടിച്ചതെന്നും കാർ അമിതവേഗത്തിലായിരുന്നെന്നും ഓട്ടോ ഡ്രൈവറായ ഷെഫീക്കും പറഞ്ഞു. തന്റെ ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്ത്, വളവിൽ വളയാതെ നേരേ പോയി ബൈക്കിനെ ഇടിച്ചിടുകയായിരുന്നു. ഡ്രൈവർ പുരുഷനായിരുന്നെന്നും ഷെഫീക്ക് പറഞ്ഞു. പക്ഷേ, ഇവരുടെയെല്ലാം മൊഴിയെടുക്കാൻ പോലീസ് ആദ്യം തയാറായില്ല. സർക്കാർ ഇടപെട്ടതോടെയാണ് ദൃക്സാക്ഷികളെ വിളിച്ചുവരുത്തി പോലീസ് മൊഴി രേഖപ്പെടുത്തിയത്.