എരുമേലി: രണ്ടു വയസിനുള്ളിൽ ഏവരെയും അതിശയിപ്പിച്ചുകൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും കലാംസ് വേൾഡ് റിക്കാർഡും കരസ്ഥമാക്കിയിരിക്കുകയാണ് ചേനപ്പാടി മറ്റേന്നാൽ വീട്ടിൽ മഹേഷിന്റെയും ഗ്രീഷ്മയുടെയും മകൾ ശ്രേയ എം. നായർ എന്ന കൊച്ചുമിടുക്കി.
ഡിസംബർ 28ന് രണ്ടാം പിറന്നാൾ ആഘോഷിച്ച ശ്രേയമോൾ എക്സ്ട്രാ ഓർഡിനറി ഗ്രാസ്പിംഗ് പവർ ജീനിയസ് കിഡ് എന്ന കലാംസ് വേൾഡ് റിക്കാർഡും ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡുമാണ് കരസ്ഥമാക്കിയിരിക്കുന്നത്.
ഏറ്റവും ചെറിയ പ്രായത്തിൽ വിവിധങ്ങളായ 250ൽ അധികം വിവരങ്ങൾ ഹൃദ്യസ്ഥം ആക്കി, അവ ഉത്തരങ്ങളായി ചുറുചുറുക്കോടെ പറഞ്ഞതിനാണ് അവാർഡ്.
വളർത്തു മൃഗങ്ങൾ, വന്യജീവികൾ, പക്ഷികൾ, പഴങ്ങൾ, അരുമ മൃഗങ്ങൾ, വാഹനങ്ങൾ, പച്ചക്കറികൾ, മത്സ്യങ്ങൾ, ജീവികളുടെ ശബ്ദങ്ങൾ തുടങ്ങി 250ൽ അധികം വാക്കുകളും പേരുകളും ശബ്ദങ്ങളും ശ്രേയമോൾ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.
പിതാവ് മഹേഷ് എസ്. നായർ ഒമാനിൽ ജോലി ചെയ്യുന്നു. മാതാവ് ഗ്രീഷ്മയും വല്യമ്മ ശ്രീലതയുമാണ് കുഞ്ഞിന്റെ അതിശയകരമായ കഴിവുകൾ കണ്ടത്തി മികച്ച രീതിയിൽ പ്രോത്സാഹനം നൽകി വരുന്നത്.