വടക്കഞ്ചേരി: ഫ്രീഡം ഫൈറ്റേഴ്സ്, പ്രധാനമന്ത്രിമാർ, ഇന്ത്യൻ പ്രസിഡന്റുമാർ ഉൾപ്പെടെ 192 പ്രമുഖരുടെ പേരുകൾ ചേർത്ത് മഹാത്മാഗാന്ധിയുടെ പടം രൂപപ്പെടുത്തിയ പ്ലസ് ടു വിദ്യാർത്ഥിനി ശ്രേയമുരളി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.
ജവഹർലാൽ നെഹ്റു മുതൽ മോദി വരെയുളള പ്രധാനമന്ത്രിമാർ, ഇന്ത്യൻ പ്രസിഡന്റുമാർ,2020 21 ലെ ഗവർണർമാർ, സംസ്ഥാന തലസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ തുടങ്ങിയ പേരുകൾ ചേർത്താണ് ഒരു മണിക്കൂർ കൊണ്ട് ഗാന്ധിജിയെ രൂപപ്പെടുത്തിയിട്ടുള്ളത്.
പി എൻ സി മേനോന്റെ മൂലങ്കോടുള്ള ശോഭ അക്കാദമിയിലെ വിദ്യാർത്ഥിനിയാണ് ഈ മിടുക്കി.വെങ്കല മെഡലും സർട്ടിഫിക്കറ്റും അംഗീകാരപത്രവുമാണ് പുരസ്ക്കാരം.
വടക്കഞ്ചേരി ടൗണിലെ പ്രിൻസ് ഗാർമെന്റ്സ് ഉടമ തേനിടുക്ക് കൊളക്കോട് ശ്രേയ നിവാസിൽ മുരളിയുടെയും എം.പ്രീതയുടെയും മകളാണ്.
ചെറിയ ക്ലാസു മുതലെ വരകളിൽ താല്പര്യമുള്ള ശ്രേയ നിരവധി മേന്മയേറിയ ചിത്രങ്ങളുടെയും ഉടമ കൂടിയാണ്.