നവാസ് മേത്തർ
തലശേരി: നല്ല തറവാട്ടിൽ പിറന്നവനാ … നാൽപത്തിയെട്ട് മണിക്കൂർ കൊണ്ട് മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ പിതാവിന്റെ മകനാണ്… ഞാൻ അങ്ങനെ ചെയ്യില്ല… ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ എംപിയുടെ വാക്കുകളാണിത്.
ഇന്നലെ നടന്ന ലോക് താന്ത്രിക് ജനതാദളിന്റെ സംസ്ഥാന കമ്മറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി. മോഹനന് മന്ത്രിസ്ഥാനം ലഭിക്കാത്തതിനു പിന്നിൽ പാർട്ടി സംസ്ഥാന പ്രസിഡന്റാണെന്ന ആരോപണം ഉയർന്നപ്പോഴാണ് ശ്രേയാംസ്കുമാർ വികാരാധീതനായി സംസാരിച്ചത്.
അടുത്ത ഏപ്രിലിൽ രാജ്യസഭാ സീറ്റ് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മോഹനന് മന്ത്രി സ്ഥാനം നൽകാതിരുന്നതെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്.
ഇതിനു പിന്നിൽ പ്രവർത്തിച്ച സംസ്ഥാന പ്രസിഡന്റ് രാജിവയ്ക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. എന്നാൽ, സംസ്ഥാന നേതൃത്വം ഒന്നടങ്കം മാറണമെന്ന നിർദ്ദേശമാണ് ശ്രേയാംസ്കുമാർ വിഭാഗം മുന്നോട്ടുവെച്ചത്.
ഇതോടെ ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജിനെ പ്രസിഡന്റാക്കാൻ ഒരു വിഭാഗം നടത്തിയ നീക്കം വിജയം കണ്ടില്ല.
സാധാരണ സംസ്ഥാന കമ്മറ്റി യോഗങ്ങളിൽ ആദ്യ അര മണിക്കൂർ പങ്കെടുത്ത ശേഷം സഹ ഭാരവാഹികളെ അധ്യക്ഷത പദവിയിലിരുത്തി സ്ഥലം വിടാറുള്ള ശ്രേയാംസ്കുമാർ ഇത്തവണ ഒമ്പത് മണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ ആദ്യാവസാനം വരെ പങ്കെടുത്തതും ശ്രദ്ധേയമായി.
സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയത്തിന് ഇരയാണ് എൽജെഡി എന്ന വികാരവും യോഗത്തിൽ ഉയർന്നു. കഴിഞ്ഞ അഞ്ചുവർഷം ഒരു എംഎൽഎ പോലുമില്ലാതിരുന്ന പാർട്ടിക്ക് ഇപ്പോൾ ഒരു എംഎൽഎ ഉണ്ട്.
പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു പോകാൻ യോഗം തീരുമാനിച്ചു. ജനതാദളുകളുടെ ലയനത്തെ മൂന്ന് ജില്ലാ പ്രസിഡന്റുമാർ മാത്രമാണ് അനുകൂലിച്ചത്.
സിപിഎം-സിപിഐ ലയനം ആദ്യം നടക്കട്ടേയെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. സിപിഎമ്മിനെതിരേ ശക്തമായ പ്രതിഷേധം യോഗം രേഖപ്പെടുത്തി.
ഇന്നലെ രാവിലെ പത്തു മുതൽ രാത്രി ഏഴു വരെ നീണ്ടു നിന്ന യോഗത്തിൽ സിപിഎമ്മിനെതിരേ രൂക്ഷ വിമർശനമാണ് ഉയർന്നത്.
എം.പി. വീരേന്ദ്രകുമാറിന് കോഴിക്കാട് സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ഇടതു മുന്നണി വിട്ടതിന്റെ പ്രതികാരം തീർക്കാനാണ് മോഹനന് മന്ത്രി പദവി നിഷേധിച്ചതെന്നും അഭിപ്രായമുയർന്നു.
എൽജെഡിയെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. 1969-ൽ സോഷ്യലിസ്റ്റ് പാർട്ടിയിലെ മന്ത്രിമാരെ പുറത്താക്കിയ ഇടതു മുന്നണി സർക്കാറിന് കൂടുതൽ കാലം ഭരണം തുടരാൻ സാധിച്ചില്ലെന്ന കാര്യവും ഭാരവാഹികൾ യോഗത്തിൽ പങ്കുവെച്ചു.