പ്രബൽ ഭരതൻ
കോഴിക്കോട്: എം.പി. വീരേന്ദ്രകുമാർ നേതൃത്വം നൽകുന്ന ലോക്താന്ത്രിക് ജനതാദളിന്റെ നിർണായക യോഗം ഇന്ന് പാലക്കാട്ട് നടക്കും. പ്രസിഡന്റിനെ തെരഞ്ഞുടുക്കുന്നതിനായി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗമാണ് രാവിലെ 11 മുതൽ പാലക്കാട്ട് നടക്കുന്നത്.
പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അരുൺകുമാർ ശ്രീവാസ്തവയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ട രണ്ടു പേരെ യോഗം നോമിനേറ്റ് ചെയ്യും. ഇതിൽ നിന്ന് ഭൂരിപക്ഷ പിന്തുണയാളെ പ്രസിഡന്റായി ദേശീയ നേതൃത്വം അടുത്തയാഴ്ച പ്രഖ്യാപിക്കും. നിലവിൽ എം.പി. ശ്രേയാംസ്കുമാറിന്റെയും വറുഗീസ് ജോർജിന്റെയും പേരുകളാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നിട്ടുള്ളത്.
നിലവിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ വറുഗീസ് ജോർജിനായി കോഴിക്കോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാർ ശക്തമായി രംഗത്തുണ്ട്. പാലക്കാട്, കാസർഗോഡ് ജില്ലാ പ്രസിഡന്റുമാർ നിഷ്പക്ഷ നിലപാടാകും സ്വീകരിക്കുക.
എന്നാൽ എം.പി. വീരേന്ദ്രകുമാറിന്റെ അനുയായികളായ സംസ്ഥാന ഭാരവാഹികളുടെ നിലപാടാകും സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിൽ നിർണായ പങ്ക് വഹിക്കുക. വീരേന്ദ്രകുമാറിന്റെ അനുയായികൾ എം.പി. ശ്രേയാംസ്കുമാറിനായി ഇതിനോടകം തന്നെ ചരടുവലി തുടങ്ങിയിട്ടുണ്ട്. ഭൂരിപക്ഷം ഇവർക്കൊപ്പമാണെന്നതിനാൽ സംസ്ഥാന പ്രസിഡന്റായി എം.വി. ശ്രേയാംസ്കുമാർ തന്നെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായിട്ടുമുണ്ട്.
ശ്രേയാംസ്കുമാർ പ്രസിഡന്റായാൽ മാത്രമേ എൽഡിഎഫ് പ്രവേശനം സാധ്യമാകുകയുള്ളൂവെന്ന വാദവും ഇക്കൂട്ടർ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും ദേശീയ നേതൃത്വം തീരുമാനമെടുക്കുക. നിതീഷ് കുമാർ ബിജെപിയെ പിന്തുണച്ചതോടെയാണ് ജനതാദൾ-യു രൂപം മാറി ലോക്താന്തിക് ജനതാദൾ എന്ന പാർട്ടി രൂപീകരിച്ചത്.
അന്ന് പാർട്ടിയുടെ അമരത്തുണ്ടായിരുന്നവർ എല്ലാം അതേ സ്ഥാനങ്ങൾ തുടരുകയുമാണ്. എന്നാൽ വീരേന്ദ്രകുമാർ യുഡിഎഫ് വിട്ട് സ്വതന്ത്രനായി എൽഡിഎഫ് പിന്തുണയോടെ രാജ്യസഭാ സ്ഥാനത്തേക്ക് മത്സരിച്ചതിനാലാണ് അദ്ദേഹത്തിന് പ്രസിഡന്റായി തുടരാൻ സാധിക്കാത്തത്.
ഇതേ തുടർന്നാണ് ലോക്താന്ത്രിക് ജനതാദളിന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വന്നത്. ഇന്ന് ചർച്ചയിൽ ഉയർന്നുവരുന്ന പേരുകൾ ദേശീയ നേതൃത്വം ചർച്ചയ്ക്കെടുത്ത് ഒരാഴ്ച്ചക്കുള്ളിൽ ഡൽഹിയിൽ പ്രഖ്യാപനം നടത്തുമെന്നാണ് നേതാക്കൾ നൽകുന്ന വിവരം. സംസ്ഥാന പ്രസിഡന്റ് വരുന്നതോടെ എൽഡിഎഫ് മുന്നണി പ്രവേശനവും പുതിയ രാഷ്ട്രീയ തീരുമാനങ്ങളുമായി ലോക്താന്ത്രിക് ജനതാദൾ കേരളത്തിൽ സജീവമാകുമെന്നും നേതാക്കൾ അറിയിച്ചു.