സ്വന്തംലേഖകന്‍
കോഴിക്കോട്: പൊതുജനമധ്യത്തില്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുകയും അച്ചടക്കലംഘനം നടത്തുകയും ചെയ്തെന്ന പേരിൽ സംസ്ഥാന ഭാരവാഹികള്‍ക്കെതിരേ സ്വീകരിച്ചതോടെ വിമതര്‍ അടിയന്തര യോഗം ചേരുന്നു.
സുരേന്ദ്രന്‍പിള്ള കണ്‍വീനറായും ഷേക്ക് പി.ഹാരീസ് ജനറല്‍ കണ്‍വീനറായുമുള്ള 16 അംഗ സമിതിയാണ് ഇന്നു യോഗം ചേരുന്നത്.
പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും സംയുക്ത യോഗം സുരേന്ദ്രന്‍പിള്ളയ്ക്കും ഷേക്ക് പി. ഹാരീസിനുമെതിരേ നടപടി സ്വീകരിച്ചിരുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് ഭാവി പരിപാടി തീരുമാനിക്കാന്‍ നേതാക്കള്‍ യോഗം ചേരുന്നത്.
നോമിനേറ്റ് ചെയ്യപ്പെട്ടവർക്ക്
അതേസമയം, ദേശീയ കൗണ്‍സില്‍ അംഗങ്ങളായവര്ക്കെതിരേ സംസ്ഥാനകമ്മിറ്റി നടപടി സ്വീകരിച്ചതിനെതിരേ വിമത വിഭാഗം രംഗത്തെത്തി.
ശ്രേയാംസ്കുമാര്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റല്ലെന്നും ദേശീയ കമ്മിറ്റി നോമിനേറ്റ് ചെയ്തയാളാണെന്നും ഷേക്ക് പി. ഹാരീസ് രാഷ്ട്രദീപികയോടു പറഞ്ഞു.
അതേ കമ്മിറ്റി തന്നെയാണ് തന്നെയും സുരേന്ദ്രന്‍പിള്ളയെയും നോമിനേറ്റ് ചെയ്തത്. നാഷണല്‍ എക്സ്ക്യൂട്ടീവ് അംഗങ്ങള്‍ കൂടിയാണ് ഞങ്ങള്‍.
നടപടിയെടുക്കാനും നോട്ടീസ് അയയ്ക്കാനും അധികാരമുള്ളതു ദേശീയ കമ്മിറ്റിക്കാണ്. സംസ്ഥാന കമ്മറ്റി സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഷേക്ക് പി. ഹാരീസ് പറഞ്ഞു.
വെല്ലുവിളിച്ചാൽ…
ഗുരുതരമായ അച്ചടക്കലംഘനത്തിന്റെ പേരിൽ എല്‍ജെഡി സംസ്ഥാന ഭാരവാഹികളായ ഷേക് പി.ഹാരിസ്, വി. സുരേന്ദ്രന് പിള്ള, അങ്കത്തില്‍ അജയ്കുമാര്‍, രാജേഷ് പ്രേം എന്നിവരെ ഭാരവാഹിത്വത്തില്‍നിന്ന് ഇന്നലെ സംസ്ഥാന കമ്മിറ്റി നീക്കിയിരുന്നു.
പൊതുജനമധ്യത്തില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചതിനു വി. സുരേന്ദ്രന് പിള്ളയെ സസ്പെന്‍ഡ് ചെയ്യാനും ഓണ്‍ലൈനായി ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും സംയുക്ത യോഗത്തില്‍ തീരുമാനിച്ചു.
നോട്ടീസിനു മറുപടി നല്‍കാതെ
കഴിഞ്ഞ 20ന് കോഴിക്കോട്ട് ചേര്‍ന്ന സംയുക്ത യോഗത്തിനു പിറകെ, വിമത പ്രവര്‍ത്തനം നടത്തിയവര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
48 മണിക്കൂര്‍ സമയപരിധിക്കുള്ളില്‍ ഖേദ പ്രകടനം നടത്തിയ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എന്‍.എം. നായര്‍, സംസ്ഥാന കമ്മിറ്റി അംഗം ജി. സതീഷ് കുമാര്‍ എന്നിവരുടെ മറുപടി തൃപ്തികരമാണെന്ന വിലയിരുത്തലോടെ ഇരുവരെയും നടപടിയില്‍ നിന്നൊഴിവാക്കി.
കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാത്ത മലപ്പുറം ജില്ലാ പ്രസിഡന്റ് സഹാബ് പുല്‍പ്പറ്റ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് നസീര്‍ പുന്നക്കല്‍ എന്നിവര്‍ക്കെതിരായ നടപടി ഡിസംബര്‍ ആദ്യവാരം ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കും.
കെ.പി. മോഹനന് എംഎല്‍എ, ദേശീയ ജനറല്‍ സെക്രട്ടറി ഡോ.വര്‍ഗീസ് ജോര്‍ജ് തുടങ്ങിയവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.