പ്രെറ്റോറിയ: മലയാളി താരം ശ്രേയസ് അയ്യറുടെ സെഞ്ചുറി മികവിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ എ ത്രിരാഷ്ട്ര പരമ്പരയിൽ കപ്പടിച്ചു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 268 റൺസിന്റെ വിജയലക്ഷ്യം ശ്രേയസ് അയ്യരും (140) വിജയ് ശങ്കറും (72) ചേർന്ന് അനായാസം മറികടക്കുകയായിരുന്നു. ശ്രേയസ് പുറത്താകാതെ നിന്നപ്പോൾ വിജയ് ശങ്കർ വിജയത്തിനടുത്തെത്തി വീണു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 267 റൺസ് നേടിയത്. ഫർഹാൻ ബെഹാർദിന്റെ സെഞ്ചുറിയും (101) ദ്വാനി പ്രെട്രോറിയസിന്റെ (58) അർധസെഞ്ചുറിയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ നൽകിയത്. ഇന്ത്യയുടെ ശാർദുൽ താക്കൂർ മൂന്നും സിദ്ദാർഥ് കൗൾ രണ്ട് വിക്കറ്റും വീഴ്ത്തി. മലയാളി താരം ബേസിൽ തമ്പി ഏഴ് ഓവർ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. ഏഴോവറിൽ 53 റൺസാണ് ബേസിൽ വിട്ടുകൊടുത്തത്.
ദക്ഷിണാഫ്രിക്കൻ സ്കോർ പിന്തുടർന്ന ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഓപ്പണർമാരായ മലയാളിതാരങ്ങൾ സഞ്ജു വി. സാംസണും (12) കരുൺ നായരും (4) പെട്ടെന്ന് പുറത്തായതോടെ ഇന്ത്യയുടെ നിലപരിങ്ങലിലാകുകയും ചെയ്തു. എന്നാൽ ശ്രേയസ് അയ്യരും വിജയ് ശങ്കറും ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു.
ജയത്തിനടുത്ത് വിജയ് ശങ്കർ പുറത്തായെങ്കിലും ശ്രേയസ് അയ്യർക്കൊപ്പം ചേർന്ന മനീഷ് പാണ്ഡെ (32) കൂടുതൽ പരിക്കേൽക്കാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 19 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യയുടെ വിജയം.ഇന്നത്തെ മത്സരത്തിൽ നാലു മലയാളികളാണ് ഇന്ത്യക്കായി കളിക്കാനിറങ്ങിയത്.