ധർമശാല: ശ്രീലങ്കയ്ക്കെതിരായ തുടർച്ചയായ മൂന്നാം ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിലും അർധ സെഞ്ചുറിയുമായി ശ്രേയസ് അയ്യർ (45 പന്തിൽ 73 നോട്ടൗട്ട്) തലയുയർത്തിനിന്നപ്പോൾ ഇന്ത്യക്ക് ജയം.
ആറ് വിക്കറ്റിനായിരുന്നു ഇന്ത്യ വെന്നിക്കൊടി പാറിച്ചത്. മൂന്ന് മത്സര പരന്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു. സ്കോർ: ശ്രീലങ്ക 20 ഓവറിൽ 146/5. ഇന്ത്യ 16.5 ഓവറിൽ 148/4. 57*, 74*, 73* എന്നിങ്ങനെയാണ് ലങ്കയ്ക്കെതിരായ പരന്പരയിൽ ശ്രേയസിന്റെ ബാറ്റിംഗ്.
കിഷനു പകരം സഞ്ജു
രണ്ടാം ട്വന്റി-20 പോരാട്ടത്തിനിടെ പന്തുകൊണ്ട് പരിക്കേറ്റ ഇഷാൻ കിഷൻ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട് ടീമിൽനിന്ന് പുറത്തായതോടെ മലയാളി താരം സഞ്ജു വി. സാംസണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പിംഗ് ഗ്ലൗ അണിഞ്ഞു.
ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനും സഞ്ജു എത്തി. 12 പന്തിൽ 18 റണ്‍സ് നേടാനേ സഞ്ജുവിനു സാധിച്ചുള്ളൂ. രോഹിത് ശർമ (5), ദീപക് ഹൂഡ (16 പന്തിൽ 21), വെങ്കിടേഷ് അയ്യർ ( 5) എന്നിവർക്കും തിളങ്ങാനായില്ല. 15 പന്തിൽ 22 റണ്‍സുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയുടെ ടോപ് സ്കോറർ ദസൻ ശനക (38 പന്തിൽ 74 നോട്ടൗട്ട്) ആയിരുന്നു. ഇന്ത്യക്കായി ആവേഷ് ഖാൻ രണ്ടും മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.