ന്യൂഡൽഹി: ഡൽഹി ഡെയർഡെവിൾസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു ഗൗതം ഗംഭീർ രാജിവച്ചു. ഐപിഎൽ ക്രിക്കറ്റിൽ ടീമിന്റെ മോശം പ്രകടനത്തെത്തുടർന്നാണ് ഗംഭീർ രാജിവച്ചത്. ആറു മത്സരങ്ങളിൽനിന്ന് ഒരു ജയം മാത്രമേ ഡെയർഡെവിൾസിനു നേടാനായുള്ളൂ. പോയിന്റ് നിലയിൽ അവസാന സ്ഥാനത്താണ്.
ഗംഭീറിനു പകരമായി യുവതാരം ശ്രേയസ് അയ്യർ നായക സ്ഥാനത്ത് വരോധിക്കപ്പെട്ടു. 2015 മുതൽ അയ്യർ ഡൽഹിക്കൊപ്പമുണ്ട്. ഫിറോസ് ഷാ കോട്ലയിൽ മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് ഗംഭീർ രാജിക്കാര്യമറിയിച്ചത്. ഡൽഹി നൽകുന്ന 2.8 കോടി രൂപ ശന്പളവും ഗംഭീർ വേണ്ടെന്നുവച്ചു.
ടീമിന്റെ നായകനാക്കിയതിൽ ടീം മാനേജ്മെന്റിനോടും പരിശീലകരോടും നന്ദിയുണ്ടെന്നും ഇതെനിക്കുള്ള വലിയ അംഗീകാരമാണെന്നും ശ്രേയസ് അയ്യർ പറഞ്ഞു. ഐപിഎലിന്റെ ആദ്യം ഗംഭീർ ഡൽഹിക്കൊപ്പമായിരുന്നു. അതിനുശേഷം കോൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ നായകനായി. ഗംഭീറിന്റെ നേതൃത്വത്തിൽ കോൽക്കത്ത രണ്ടു തവണ ഐപിഎൽ ചാന്പ്യന്മാരുമായി. ഐപിഎൽ 11-ാം സീസണിൽ ഡെയർഡെവിൾസ് ഗംഭീറിനെ നായകനാക്കി പഴയ ടീമിലേക്കു തിരിച്ചു കൊണ്ടുവന്നു.
എന്നാൽ, ഡെയർഡെവിൾസിന്റെ ഉടമസ്ഥർ പ്രതീക്ഷിച്ചപോലൊരു ഫലം കൊണ്ടുവരാൻ ഇന്ത്യൻ മുൻ ഓപ്പണർക്കായില്ല. ബാറ്റിംഗിലും ശോഭിക്കാനായില്ല. അഞ്ച് ഇന്നിംഗ്സിൽ 83 റണ്‍സാണ് നേടാനായത്. ആദ്യ മത്സരത്തിൽ നേടിയ 55 റണ്‍സാണ് ഉയർന്ന സ്കോർ. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റണ്‍സുള്ള നാലാമനാണ് ഗംഭീർ.