കാണ്‍പുർ: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ശ്രേയസുയരട്ടെയെന്ന ആശംസയുമായി ആരാധകർ ഇന്നു രണ്ടാംദിനത്തിനായി മിഴിതുറക്കുന്നു.
ശ്രേയസ് അയ്യരുടെ അരങ്ങേറ്റ അർധസെഞ്ചുറിയും ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ എന്നിവരുടെ അർധസെഞ്ചുറികളും അഴകേകിയ ഇന്ത്യൻ ഇന്നിംഗ്സ് ഒന്നാം ദിനം അവസാനിച്ചത് നാലു വിക്കറ്റ് നഷ്ടത്തിൽ 258 റണ്‍സ് എന്ന നിലയിൽ.
അരങ്ങേറ്റ ടെസ്റ്റിൽ ശ്രേയസ് അയ്യർ സെഞ്ചുറി നേടട്ടെയെന്ന പ്രാർഥനയാണ് ഇന്ത്യൻ ആരാധകർക്ക്. അഞ്ചാം നന്പർ ബാറ്ററായെത്തിയ ശ്രേയസ് അയ്യർ 136 പന്തിൽനിന്ന് 75 റണ്‍സുമായി ക്രീസിലുണ്ട്.
100 പന്തിൽനിന്ന് 50 റണ്‍സുമായി രവീന്ദ്ര ജഡേജയാണ്, ഒന്നാംദിനം അവസാനിക്കുന്പോൾ ശ്രേയസിനൊപ്പമുള്ളത്. അഞ്ചാം വിക്കറ്റിൽ ഇരുവരും 113 റണ്‍സിന്റെ അഭേദ്യമായ കൂട്ടുകെട്ട് സ്ഥാപിച്ചിട്ടുണ്ട്.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മായങ്ക് അഗർവാൾ (13) വേഗം പുറത്തായെങ്കിലും മറ്റൊരു ഓപ്പണറായ ശുഭ്മാൻ ഗിൽ (93 പന്തിൽ 52) അർധസെഞ്ചുറി നേടി. ചേതേശ്വർ പൂജാര (26), രഹാനെ (35) എന്നിവർക്ക് കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല.
ഡിപി മാറ്റാതെ കാത്തിരുന്ന ശ്രേയസിന്റെ പിതാവ്
മകൻ ശ്രേയസ് അയ്യർ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം നടത്തുന്നതിനായാണ് പിതാവ് സന്തോഷ് അയ്യർ ഇക്കാലമത്രയും കാത്തിരുന്നത്. ഏകദിനത്തിലും ട്വന്റി-20യിലും മകൻ ഇന്ത്യക്കായി അരങ്ങേറിയെങ്കിലും ടെസ്റ്റിൽ കളിക്കുന്നത് കാണാനാണ് താൻ ഏറെ ആഗ്രഹിച്ചതെന്ന് സന്തോഷ് അയ്യർ പറഞ്ഞു.
നാല് വർഷത്തോളമായി സന്തോഷിന്റെ വാട്സ്ആപ്പ് ഡിപി (ഡിസ്പ്ലെ പിക്ചർ) ശ്രേയസ് 2017ലെ ഇന്ത്യയുടെ ടെസ്റ്റ് വിജയം ആഘോഷിക്കുന്ന ചിത്രമാണ്. ഓസ്ട്രേലിയയെ 2-1ന് തോൽപ്പിച്ച് ഇന്ത്യ ചാന്പ്യൻമാരായി ശ്രേയസ് കിരീടവുമായി നിൽക്കുന്നതാണു ചിത്രം.
അന്ന് ധർമശാലയിൽ നടന്ന നാലാം ടെസ്റ്റിൽ പരിക്കേറ്റ വിരാട് കോഹ്ലിക്കു പകരക്കാരനായി ശ്രേയസ് ടീമിലെത്തി. എന്നാൽ, പ്ലെയിംഗ് ഇലവണിൽ ഉണ്ടായിരുന്നില്ല.
മകൻ ഒരിക്കലെങ്കിലും ടെസ്റ്റിൽ കളിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആ ഡിപി മാറ്റാതിരുന്നതെന്നും ഇടയ്ക്കിടെ ആ ചിത്രം കാണുന്നത് കൂടുതൽ ഉൗർജം നൽകിയെന്നും സന്തോഷ് പറഞ്ഞു. ശ്രേയസിന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന് ക്യാപ് സമ്മാനിച്ചത് ഇതിഹാസതാരം സുനിൽ ഗാവസ്കർ. രാഹുൽ ദ്രാവിഡ് മുഖ്യപരിശീലകനായശേഷം ടെസ്റ്റിൽ അരങ്ങേറുന്ന ആദ്യ താരമാണു ശ്രേയസ് അയ്യർ.
രചിൻ അരങ്ങേറ്റം
ന്യൂസിലൻഡിനായി ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്രയുടെ അരങ്ങേറ്റവും കാണ്‍പുരിൽ നടന്നു. ഇന്ത്യൻ താരങ്ങളായിരുന്ന രാഹുൽ ദ്രാവിഡ്, സച്ചിൻ തെണ്ടുൽക്കർ എന്നിവരുടെ പേരുകളിൽനിന്നാണ് രചിൻ എന്ന പേര് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇട്ടതെന്നതാണ് രസകരം. ബാറ്റിംഗ് ഓൾറൗണ്ടറായാണ് ഇരുപത്തിരണ്ടുകാരനായ രചിൻ ടീമിൽ ഇടംപിടിച്ചത്.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: മായങ്ക് സി ബ്ലൻഡെൽ ബി ജെമിസണ്‍ 13, ശുഭ്മാൻ ബി ജെമിസണ്‍ 52, പൂജാര സി ബ്ലൻഡെൽ ബി സൗത്തി 26, രഹാനെ ബി ജെമിസണ്‍ 35, ശ്രേയസ് നോട്ടൗട്ട് 75, ജഡേജ നോട്ടൗട്ട് 50, എക്സ്ട്രാസ് 7, ആകെ 84 ഓവറിൽ 258/4.
വിക്കറ്റ് വീഴ്ച: 21/1, 82/2, 106/3, 145/4.
ബൗളിംഗ്: സൗത്തി 16.4-3-43-1, ജെമിസണ്‍ 15.2-6-47-3, അജാസ് പട്ടേൽ 21-6-78-0, സോമർവില്ലെ 24-2-60-0, രചിൻ രവീന്ദ്ര 7-1-28-0.