പരവൂർ: മദ്യലഹരിയിൽ വീട്ടിൽ വഴക്കുണ്ടാക്കിയശേഷം കിണറ്റിൽ ചാടിയ യുവാവിനെ പരവൂർ ഗ്രേഡ് എസ്ഐ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി കിണറ്റിലിറങ്ങി രക്ഷപെടുത്തി. പരവൂർ കൂനയിൽ തൊടിയിൽ പണ്ടാരത്തു വടക്കതിൽ രാജേഷ് സഖറിയയെ (29)യാണ് പോലീസ് സംഘം സാഹസികമായി രക്ഷപെടുത്തിയത്.
ഇന്നലെ രാത്രി10.30ഓടെയായിരുന്നു സംഭവം. മദ്യലഹരിയിൽ യുവാവ് കിണറ്റിൽ ചാടിയ വിവരമറിഞ്ഞ് പരവൂർ ഗ്രേഡ് എസ്ഐ ശ്രീനിവാസൻ സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ്കുമാർ, സായിറാം എന്നിവരോടൊപ്പമെത്തി വളരെ ആഴമുള്ള കിണറ്റിലിറങ്ങി അതിസാഹസികമായി യുവാവിനെ കരയ്ക്കെത്തിക്കുകയായിരുന്നു. ഏറെ താഴ്ചയുള്ള കിണറ്റിൽനിന്ന് യുവാവിനെ രക്ഷപെടുത്താൻ പരിസരവാസികളായ സച്ചു, കണ്ണൻ എന്നിവരുടെ സഹായവുമുണ്ടായിരുന്നു.
വാഹനങ്ങൾ കടന്നുചെല്ലാത്ത ഉൾപ്രദേശമായതിനാൽ പോലീസ് സംഘം യുവാവിനെ ചുമന്നാണ് വാഹനത്തിലെത്തിച്ച് പാരിപ്പള്ളി മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചത്. പോലീസിന്റെ അവസരോചിതമായ ഇടപെടലിനെതുടർന്നാണ് യുവാവിന്റെ ജീവൻ രക്ഷിക്കാനായത്.
ആശുപത്രിയിൽ എത്തിക്കാൻ അൽപ്പം സമയം കൂടി കഴിഞ്ഞിരുന്നുവെങ്കിൽ യുവാവ് മരണപ്പെടുമെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർഥ്യത്തിലാണ് പരവൂർ പോലീസ് .