സ്വന്തം ലേഖകൻ
തലശേരി: ഗോപാൽപേട്ട ഫിഷറീസ് കോമ്പൗണ്ടിൽ പടിഞ്ഞാറെപുരയിൽ ശ്രീധരിയെ (52) കൊലപ്പെടുത്തിയതിൽ കേസിലെ പ്രതി ഗോപാൽപേട്ട സ്വദേശി ഗോപാലകൃഷ്ണനെ (58) പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.
കണ്ണൂരിലെ ആധുനിക ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ മൂന്ന് ദിവസമായി നടന്ന ചോദ്യം ചെയ്യലിൽ പ്രതി പോലീസിനോട് മനസ് തുറന്നു.
സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ മേൽനോട്ടത്തിൽ തലശേരി പ്രിൻസിപ്പൽ എസ് ഐ അഷറഫ്, എഎസ്ഐമാരായ വിനീഷ്, സഹദേവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, സുജേഷ്, എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യലും ശാസ്ത്രീയമായ തെളിവെടുപ്പും നടന്നത്.
ഓട്ടോറിക്ഷയുടെ സ്റ്റീൽ റാഡിൽ തലയിപ്പിടിച്ചാണ് ശ്രീധരിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ”
ഞങ്ങൾ നാല് വർഷമായി പ്രണയത്തിലായിരുന്നു. ഭാര്യഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നത്.
ഒരുമിച്ച് കഴിയാനായി ഉമ്മൻ ചിറയിൽ ക്വാർട്ടേഴ്സ് വാടകക്ക് എടുത്തിരുന്നു. ശ്രീധരിക്ക് അവധിയുള്ള ദിവസങ്ങളിൽ പകൽ സമയം ക്വാർട്ടേഴ്സിലാണ് കഴിഞ്ഞിരുന്നത്.
ശ്രീധരിയുമായുള്ള ബന്ധത്തെ കുറിച്ച് ഭാര്യ പല തവണ മുന്നറിയിപ്പ് നൽകിയിരുന്നു.
ലോൺ എടുത്തതുമായും കുടുംബത്തിലെ ഒരു വിവാഹാലോചനയുമായി ബന്ധപ്പെട്ടും ശ്രീധരിയുമായി തർക്കവും ബഹളവും ഉണ്ടായി.സ്ഥിരമായി എന്റെ ഓട്ടോറിക്ഷയിലാണ് ജോലി കഴിഞ്ഞ് ശ്രീധരിയെ കൊണ്ടുപോയിരുന്നത്.
സംഭവദിവസം ശ്രീധരി ഓട്ടോറിക്ഷയിൽ കയറാതെ സ്വകാര്യ മാളിന്റെ പിൻഭാഗത്തു കൂടി നടന്ന് പിലാക്കൂലിൽ എത്തി.
പിന്തുടർന്നെത്തിയ താൻ ശ്രീധരിയെ അനുനയിപ്പിച്ച് ഓട്ടോറിക്ഷയിൽ കയറ്റി. സെയ്ദാർ പള്ളിയിലെത്തിയപ്പോൾ ഓട്ടോറിക്ഷ നിർത്തി ശ്രീധരിയോടൊപ്പം പിൻ സീറ്റിലിരുന്നു.
പ്രശ്നം സംസാരിച്ച് തീർക്കാൻ ശ്രമിച്ചു. എന്നാൽ ലോൺ എടുത്ത പണം ആവശ്യപ്പെട്ട് ശ്രീധരി ബഹളം വയ്ക്കുകയും എന്റെ തലമുടി ഇരു കൈകൾ കൊണ്ടും പിടിച്ചു വലിച്ചു.
കടുത്ത വേദനയ്ക്കിടയിൽ ഞാൻ ശ്രീധരിയുടെ തല ഓട്ടോറിക്ഷയുടെ സ്റ്റീൽ റാഡിൽ ശക്തിയായി ഇടിപ്പിച്ചു.
ഇതോടെ ശ്രീധരിയുടെ ബോധം നഷ്ടപ്പെട്ടതായും പ്രതി പോലീസിനു നൽകിയ മൊഴിയിൽ പറഞ്ഞു.
ബോധം നഷ്ടപ്പെട്ട ശ്രീധരിയുമായി ആളൊഴിഞ്ഞ സ്ഥലം തേടി ജെ.ടി റോഡിലൂടെ സഞ്ചരിക്കുന്നതിനിടയിൽ ഓട്ടോറിക്ഷ ഹമ്പിൽ കയറുകയും ശ്രീധരിക്ക് ബോധം തെളിയുകയും ഒച്ച വയ്ക്കുകയും റോഡിലേക്ക് തെറിച്ച് വീഴുകയും ചെയ്തതായും ഗോപാലകൃഷ്ണൻ പോലീസിനോട് പറഞ്ഞു.
ഇരുവരും ഒത്തു ചേരാറുള്ള ഉമ്മൻ ചിറയിലെ ക്വാർട്ടേഴ്സിലും സംഭവ നടന്ന സ്ഥലങ്ങളിൽ പ്രതിയുമായി എത്തി പോലീസ് തെളിവെടുപ്പ് നടത്തി.
പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയുടെ ഓട്ടോറിക്ഷ ഫോറൻസിക് സംഘം പരിശോധിച്ച് തെളിവ് ശേഖരിച്ചു.
വധശ്രമത്തിന് കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുകയായിരുന്നു.
അപകട മരണമായി മാറുമായിരുന്ന സംഭവം ആസൂത്രിത അന്വേഷണത്തിലാണ് കൊലപാതമാണെന്ന് തെളിഞ്ഞത്