കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണം രഹസ്യാന്വേഷണ വിഭാഗത്തിലെ ചിലരുടെ അറിവോടെയാണെന്ന അഭ്യൂഹം ശക്തമായതോടെ പ്രസിഡന്റ് ജി. രാജപക്സെ അന്വേഷണത്തിന് ഉത്തരവിട്ടു.
ഐഎസുമായി ബന്ധമുള്ള രണ്ടു പ്രാദേശിക സംഘടനകളാണ് ആക്രമണം നടത്തിയത്. ക്രിസ്ത്യൻ ദേവാലയങ്ങൾ, ഹോട്ടലുകൾ എന്നിവയ്ക്കുനേരെ ആറു സ്ഫോടനങ്ങൾ നടന്നു. ഇരുനൂറ്റന്പതിലേറെപ്പേരാണ് ആക്രമണത്തിൽ മരിച്ചത്.
ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരും ലങ്കൻ രഹസ്യാന്വേഷണ വിഭാഗവും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റിന് ശ്രീലങ്കൻ കാത്തലിക് ചർച്ച് കത്തയച്ചിരുന്നു.
ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും അന്നത്തെ പ്രസിഡന്റ് എം. സിരിസേന കരുതൽ നടപടിയെടുത്തില്ലെന്ന് സഭ അയച്ച കത്തിൽ പറയുന്നു.
തീവ്രവാദ സംഘടനകളോട് അന്നത്തെ പ്രധാനമന്ത്രി വിക്രമസിംഗെ മൃദുനയം സ്വീകരിച്ചിരുന്നു. ആക്രമണത്തിനുള്ള സാധ്യത മുൻകൂട്ടി അറിഞ്ഞ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും സഭ ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.