ട്വന്റി20 ലോകകപ്പില്‍ ടീമില്‍ അംഗമായിരുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലക ബലാല്‍സംഗക്കേസില്‍ ഓസ്ട്രേലിയയില്‍ അറസ്റ്റില്‍.
ഞായറാഴ്ച പുലര്‍ച്ചെ സിഡ്നി സിറ്റി പോലീസാണ് 31കാരനായ താരത്തെ അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടിനു ഗുണതിലകയ്ക്കെതിരേ റജിസ്റ്റര്‍ ചെയ്ത പീഡനക്കേസിന്റെ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
ലോകകപ്പില്‍നിന്നു പുറത്തായ ശ്രീലങ്കന്‍ ടീം ഓസ്ട്രേലിയയില്‍നിന്നു തിരിച്ചുപോന്നെങ്കിലും സംഘത്തില്‍ ഗുണതിലകയില്ലെന്ന് ടീമിന്റെ അടുത്തവൃത്തം വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു വ്യക്തമാക്കി.
ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പിലൂടെയാണ് ഗുണതിലക, 29കാരിയായ യുവതിയെ പരിചയപ്പെട്ടതെന്നാണ് പൊലീസ് നല്കുന്ന വിവരം.
ഇതിനുശേഷം റോസ് ബേയിലുള്ള വസതിയില്‍വച്ച് നവംബര്‍ 2നു കൂടിക്കാഴ്ച നടത്തിയ ശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഇവിടെയെത്തി പൊലീസ് നടത്തിയ തെളിവെടുപ്പിന് ഒടുവിലാണ് സിഡ്നിയിലെ ഹോട്ടലില്‍നിന്നു ലങ്കന്‍ താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതു സംബന്ധിച്ച്ശ്രീലങ്കന് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ശനിയാഴ്ച, ഇംഗ്ലണ്ടിനോട് തോറ്റതിനു പിന്നാലെ ശ്രീലങ്ക ട്വന്റ്ി20 ലോകകപ്പില്‍നിന്നു പുറത്തായിരുന്നു. ഇടങ്കയ്യന്‍ ബാറ്ററായ ധനുഷ്ക ഗുണതിലക, നമീബിയയ്ക്കെതിരെ നടന്ന ശ്രീലങ്കയുടെ ആദ്യ ലോകകപ്പ് മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായിരുന്നു.
ഇതിനു പിന്നാലെ പരുക്കേറ്റ താരത്തെ ടീമില്‍നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ഓസ്ട്രേലിയയില്‍ തുടരുകയായിരുന്നു. ഇതിനെടെയാണ് പീഡനക്കേസില്‍ അറസ്റ്റിലാകുന്നത്.