കാസ്റ്റിംഗ് കൗച്ച് ആരോപിച്ച് തെന്നിന്ത്യൻ സിനിമാ ലോകത്തെയൊന്നാകെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ശ്രീറെഡ്ഡി പ്രമുഖ താരങ്ങളുൾപ്പടെ നിരവധിയാളുകൾക്കു നേരെയാണ് വിരൽ ചൂണ്ടുന്നത്.
സംവിധായകരായ ഏ.ആർ. മുരുകദോസ്, സുന്ദർ സി, നടൻ ശ്രീകാന്ത്, രാഘവ ലോറൻസ്, സുന്ദീപ് കിഷൻ എന്നിവർക്കെതിരെയാണ് ശ്രീറെഡ്ഡി ഏറ്റവും ഒടുവിലായി ആരോപണങ്ങൾ ഉന്നയിച്ചത്. ശ്രീറെഡ്ഡിക്ക് മറുപടിയുമായി ഇവരിൽ കുറച്ചാളുകൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ശ്രീറെഡ്ഡിയുടെ പ്രവൃത്തിയിൽ അതൃപ്തി പ്രകടിപ്പിച്ച തമിഴ് സിനിമാ താരവും നടികൾ സംഘത്തിന്റെ ട്രഷററുമായ കാർത്തി, ശ്രീറെഡ്ഡിയോട് ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ശ്രീറെഡ്ഡിയുയർത്തുന്ന ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ നിയമപരമായി നേരിടുകയാണ് വേണ്ടതെന്നും യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് ഇവർ ഉയർത്തുന്നതെന്നും കാർത്തി പറഞ്ഞു.
മാത്രമല്ല അംഗങ്ങൾ ആരെങ്കിലും പരാതി നൽകാതെ നടികർ സംഘത്തിന് നടപടി സ്വീകരിക്കുവാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു പിന്നാലെ കാർത്തിയുടെ വാക്കുകൾ തന്നെ വേദനിപ്പിക്കുന്നുവെന്ന് ശ്രീറെഡ്ഡിയും മറുപടി നൽകി. നടികർ സംഘവുമായി സംസാരിക്കുവാൻ താൻ ശ്രമിക്കുകയാണ്. എല്ലാം ശാന്തമായി നടക്കുമെന്നാണ് എന്റെ പ്രതീക്ഷ. അല്ലെങ്കിൽ എന്റെ വേദന എന്താണെന്ന് ഞാൻ താങ്കളെ മനസിലാക്കാം.
എന്റെ വേദനയെക്കുറിച്ച് നിങ്ങൾ ആലോചിച്ചു നോക്കു. ആർട്ടിസ്റ്റുകളുടെ പ്രശ്നം പരിഹരിക്കുവാനാണ് നടികർ സംഘം. അല്ലാതെ പ്രയോജനമില്ലാത്ത നിർദ്ദേശങ്ങൾ നൽകുവാനല്ല. ശ്രീറെഡ്ഡി പറഞ്ഞു.