കഴിഞ്ഞ ഒന്‍പത് മാസമായി ഫെലോഷിപ്പ് നല്‍കാതെ ദ്രോഹിക്കുന്ന സര്‍വ്വകലാശാല അധികൃതരുടെ നയത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച ദളിത് വിദ്യാര്‍ത്ഥിനിക്ക് അവസാനം നീതികിട്ടി. ശ്രീദേവിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ സര്‍വ്വലാശാല അധികൃതരോട് പലരും വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ നാല് മാസത്തെ കുടിശിക ഉടന്‍ അനുവദിക്കാനും ബാക്കി തുക താമസിയാതെ ലഭ്യമാക്കാനും സര്‍വ്വകലാശാല തയാറായി.
ഫെലോഷിപ്പ് തുക അനുവദിക്കാത്തതിനെത്തുടര്‍ന്ന് താന്‍ ആത്മഹത്യ ചെയ്യുകയോ പഠനം ഉപേക്ഷിക്കുകയോ ചെയ്താല്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയും അത് ആഘോഷിക്കേണ്ടെന്നും വിദ്യാഭ്യാസ കച്ചവടത്തിന്റെ മറ്റൊരിര എന്ന പേരില്‍ തന്നെ പുകഴ്ത്തേണ്ടെന്നും ശ്രീദേവി തന്റെ പോസ്റ്റിലൂടെ പറയുന്നു.
2013 ഡിസംബര്‍ 4 ന് എംഫില്‍ ഇന്റഗ്രേറ്റഡ് പിഎച്ച്ഡിക്ക് യുജിസി ജെആര്‍എഫ് ഉള്ളതുകൊണ്ട് മാത്രം പ്രവേശനം ലഭിച്ച ഒരു ദളിത് വിദ്യാര്‍ത്ഥിനിയാണ് താന്‍ എന്ന് പറഞ്ഞു കൊണ്ടാണ് ശ്രീദേവി കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.
ഫെലോഷിപ്പിന് അപേക്ഷ നല്‍കിയിട്ട് ഓഫീസ് കയറി ഇറങ്ങി നടക്കാന്‍ തുടങ്ങിയിട്ട് നാളുകളായെന്നും ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് എടുത്ത് തരുന്നതാണ് ഈ തുക എന്ന രീതിയിലുള്ള സമീപനമാണ് ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ശ്രീദേവി പറയുന്നു. ഇതുവരെയുള്ള തന്റെ ജീവിതത്തില്‍ കൂടെനിന്നവരെയും കുറ്റപ്പെടുത്തിയവരെയും ഒരുപോലെ നന്ദിയോടെ ഓര്‍ക്കുന്നു ശ്രീദേവി. ഈ സര്‍വ്വകലാശാല കെട്ടിടം പണിയാന്‍ വേണ്ടി മാത്രം ഉള്ളതാണോ എന്ന സംശയവും ശ്രീദേവി പ്രകടിപ്പിക്കുന്നു.