ദുബായ്: ബോളിവുഡ് താരം ശ്രീദേവിയുടെ മരണം സംബന്ധിച്ച് ദുരൂഹത തുടരുന്നു. നടിയുടെ തലയിൽ ആഴത്തിലുള്ള മുറിവുള്ളതായാണ് പുതിയ റിപ്പോർട്ട്. എന്നാൽ തലയിലേറ്റ മുറിവ് എങ്ങിനെ സംഭവിച്ചുവെന്നത് അവ്യക്തമാണ്.
ശ്രീദേവി അവർ താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത് ടബ്ബിൽ നടി മുങ്ങിമരിച്ചു എന്ന നിഗമനത്തിൽ പോലീസ് എത്തിയിരുന്നു. ബാത്ത് ടബ്ബിലേക്കുള്ള വീഴ്ച്ചയിൽ ഉണ്ടായതാണോ മുറിവെന്ന് പരിശോധിക്കും. വ്യക്തതക്കായി മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച രാത്രിയാണു ശ്രീദേവിയുടെ മൃതദേഹം ദുബായിലെ ഹോട്ടൽമുറിയിൽ കണ്ടെത്തിയത്. മദ്യത്തിന്റെ ആലസ്യത്തിലായിരുന്ന നടി കുളിമുറിയിലെ ബാത്ത്ടബ്ബിൽ വീണ് ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് ഗൾഫ്ന്യൂസിന്റെ റിപ്പോർട്ട് ചെയ്തിരുന്നു. യുഎഇ സർക്കാരിന്റെ ഫോറൻസിക് റിപ്പോർട്ടുകളും ചേർത്താണു പത്രത്തിലെ റിപ്പോർട്ട്.
തലയിലെ മുറിവ് സംബന്ധിച്ച് കൂടുതൽ പരിശോധന വേണ്ടി വരുന്നതിനാൽ നടി ശ്രീദേവിയുടെ മൃതദേഹം ദുബായിയിൽ നിന്ന് ഉടൻ വിട്ടുനൽകില്ല. മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ബോണി കപൂറിന്റെ മൊഴിയെടുത്തിരുന്നു.