മുംബൈ: അഴകും അഭിനയവും സമന്വയിപ്പിച്ച് തലമുറകളുടെ ആരാധനാപാത്രമായ നടി ശ്രീദേവി ഇനി ഓർമയിൽ. മുംബൈ ജുഹു പവൻ ഹൻസ് സമുച്ചയത്തിനു സമീപം വിലെ പാർലെ സേവാ സമാജ് ശ്മശാനത്തിൽ ശ്രീദേവിയുടെ സംസ്കാരകർമങ്ങൾ നടന്നു.
ഭർത്താവ് ബോണി കപൂർ ശ്രീദേവിയുടെ ചിതയ്ക്കു തീ കൊളുത്തി. മക്കളായ ജാൻവി, ഖുഷി എന്നിവർ ബോണിയുടെ സമീപമുണ്ടായിരുന്നു.
ശ്രീദേവിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര അന്ധേരിയിലെ സെലിബ്രേഷൻസ് സ്പോർട്സ് ക്ലബ്ബിൽ നിന്നു വൈകുന്നേരം രണ്ട് മണിയോടെയാണ് ആരംഭിച്ചത്. വെളുത്ത പൂക്കൾകൊണ്ട് അലങ്കരിച്ച വാഹനത്തിൽ മൃതദേഹം പാർലെ സേവാ സമാജ് ശ്മാശാനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ശ്രീദേവിക്ക് അന്ത്യോപചാരം അർപ്പിക്കുന്നതിനായി സിനിമ-രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള പ്രമുഖരുൾപ്പടെ ആയിരങ്ങൾ സെലിബ്രേഷൻസ് ക്ലബ്ബിൽ എത്തി.
തബു, ഹേമ മാലിനി, ഇഷ ഡിയോൾ, നിമ്രത് കൗർ, അക്ഷയ് ഖന്ന, ജയപ്രദ, ഐശ്വര്യ റായ്, ജാക്വലിൻ ഫെർണാണ്ടസ്, സുസ്മിത സെൻ, സോനം കപൂർ, ആനന്ദ് അഹൂജ, അർബാസ് ഖാൻ, ഫറാ ഖാൻ തുടങ്ങിയവർ സെലിബ്രേഷൻ സ്പോർട്സ് ക്ലബ്ബിലെത്തി അന്തിമോപചാരമർപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 9.30ന് അനിൽ അംബാനിയുടെ പ്രത്യേകവിമാനത്തിലാണു ശ്രീദേവിയുടെ മൃതദേഹമെത്തിച്ചത്. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന്റെ സഹോദരൻ അനിൽ കപൂർ, മക്കളായ ജാൻവി, ഖുഷി എന്നിവർ വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി.
ഫെബ്രുവരി 24ന് രാത്രി 11.30 ഓടെയാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ അബോധാവസ്ഥയിൽ ആയതിനെത്തുടർന്നു ബാത്ടബ്ബിൽ മുങ്ങിയാണു നടിയുടെ മരണമെന്ന ഫൊറൻസിക് റിപ്പോർട്ട് പിന്നീട് പുറത്തുവന്നു.
സംശയങ്ങൾ ദുരീകരിക്കപ്പെട്ടതിനാൽ മരണം സംബന്ധിച്ച കേസന്വേഷണവും ദുബായ് പോലീസ് അവസാനിപ്പിച്ചു.
ബന്ധുവും ബോളിവുഡ് നടനുമായ മോഹിത് മർവയുടെ വിവാഹ സത്കാരത്തിൽ പങ്കെടുക്കാനാണ് ശ്രീദേവി ദുബായിലെത്തിയത്.