ദുബായ്: ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. നടിയുടെ മരണത്തിനു പിന്നില്‍ ദാവൂദിന്റെ പേരു പോലും ആരോപിക്കപ്പെടുന്ന സാഹചര്യമാണിപ്പോള്‍. ബോളിവുഡില്‍ ആദ്യമായല്ല ഒരു ദുരൂഹമരണം സംഭവിക്കുന്നത്.
ദിവ്യാഭാരതിയുടെ മരണമാണ് ബോളിവുഡില്‍ ഇനിയും ദുരൂഹമാകുന്ന മറ്റൊരു മരണം. ഭര്‍ത്താവ് സാജിദ് നദിയാവാലയുടെ വീടിന്റെ ആറാം നിലയില്‍ നിന്നു സംശയാസ്പദമായ സാഹചര്യത്തില്‍ വീണുമരിച്ചത് 1993 ജൂണ്‍ നാലിനായിരുന്നു. ഇതിന് പിന്നിലെ ദാവൂദിന്റെ പേര് ചര്‍ച്ചയായി. പക്ഷേ അന്വേഷണം ആ വഴിക്ക് നീങ്ങിയില്ല. ശ്രീദേവിയോട് നല്ല രൂപസാദൃശ്യമുണ്ടായിരുന്ന ദിവ്യാ ഭാരതി മരിക്കുമ്പോള്‍ വെറും 19 വയസുമാത്രമായിരുന്നു പ്രായം.
മറ്റൊരു താരസുന്ദരിയായിരുന്ന നഫീസ ജോസഫ് വീട്ടീല്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിലും പൊലീസ് അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. മുംബൈയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ 2004 ജൂലൈ 29നു കണ്ടെത്തുകയായിരുന്നു ഈ സുന്ദരിയെ. ഫെമിന മിസ് ഇന്ത്യ യൂണിവേഴ്സും 1997ലെ വിശ്വസുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്ത താരം എംടിവി അവതാരകയായും ശ്രദ്ധ നേടിയിരുന്നു.
എഴുപതുകളില്‍ ബോളിവുഡിനെ ത്രസിപ്പിച്ച ഗ്ലാമര്‍ നായിക പര്‍വീണ്‍ ബാബിയുടെ മരണവും ദുരൂഹമായിരുന്നു. 2005 ജനുവരി 21നു മുംബൈ ജുഹുവിലെ ഫ്ളാറ്റില്‍ പര്‍വീണ്‍ ബാബിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. സമാന രീതിയിലാണ് ശ്രീദേവിയുടേയും മരണം. പ്രശസ്ത മോഡലും മുന്‍ മിസ് മൊറീഷ്യസുമായ വിവേക ബാബാബി മുംബൈ ഫ്ളാറ്റില്‍ 2010 ജൂണ്‍ 25നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതും സാധാരണമായി പൊലീസ് എഴുതി തള്ളി.
ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകന്‍ ഗൗതം വോറയെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തു. ‘കാമസൂത്ര’ മോഡല്‍ എന്ന നിലയില്‍ ശ്രദ്ധേയയായ വിവേക പ്രണയനൈരാശ്യത്തെ തുടര്‍ന്നാണു ജീവനൊടുക്കിയതെന്നാണു പൊലീസ് നിഗമനം. അതിനപ്പുറം കേസ് മുന്നോട്ട് പോയില്ല.
‘നിശ്ശബ്ദ്’ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ നായികയായി ശ്രദ്ധ നേടിയ ജിയാ ഖാനും ആരാധകരുടെ നടുക്കുന്ന ഓര്‍മ്മയാണ്. 2013 ജൂണ്‍ നാലിനു മുംബൈ ജുഹുവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
സംവിധാന സഹായിയായ സൂരജ് പാഞ്ചോളിക്കെതിരെ പൊലീസ് കേസെടുത്തു. സൂരജ് അകന്നതിനെത്തുടര്‍ന്നു ജിയ നിരാശയിലായിരുന്നു. ഇതിന് പിന്നിലും അധോലോക ബന്ധങ്ങള്‍ ചര്‍ച്ചയായിരുന്നു. പക്ഷേ പൊലീസിന് മുന്നോട്ട് പോകാനായില്ല.
ഇത് തന്നെ ശ്രീദേവിയുടെ മരണത്തിലും സംഭവിക്കുമെന്ന് ആരാധകര്‍ കരുതുന്നു. അന്വേഷണം അട്ടിമറിച്ച് ശ്രീദേവിയുടെ മരണത്തേയും സ്വാഭാവികമാക്കുമെന്നാണ് വിലയിരുത്തല്‍. ശ്രീദേവിയുടെ കൃത്യമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമേ ഒരു നിഗമനത്തില്‍ എത്താനാകൂ.
ബാത് ടബിലെ മുങ്ങി മരണമെന്ന വാദം ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് ആകുന്നില്ല. വെള്ളത്തില്‍ മുങ്ങുമ്പോള്‍ സ്വയം രക്ഷപ്പെടാനുള്ള പ്രവണത കാണിക്കുന്നതാണു സ്വാഭാവിക രീതി. എന്നാല്‍, ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിലോ കുഴഞ്ഞുവീഴുന്നതു പോലെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാലോ സ്വയം രക്ഷപ്പെടാനുള്ള ശേഷി നഷ്ടപ്പെടാം.
ശ്വാസകോശത്തിലേക്കു നേരിട്ടു വെള്ളം കയറി മരിക്കാം. മൂന്നിഞ്ചു മാത്രം വെള്ളത്തില്‍ പോലും മൂക്കു കുത്തിവീണ് ആളുകള്‍ മരിക്കുന്നത് ഇങ്ങനെയാണ്.ചിലരില്‍ നിര്‍ജലീകരണം കൊണ്ടുപോലും ബോധക്ഷയം ഉണ്ടാകാം.
മറ്റു ചില സാഹചര്യങ്ങളില്‍ ശരീരം തളര്‍ന്നുപോകാം. കുളിമുറിയുടെ വാതില്‍ അടച്ചിരുന്നോ, മരണം സംഭവിച്ച രീതി എങ്ങനെ, രക്തത്തിലെ മദ്യത്തിന്റെ അളവെത്ര തുടങ്ങിയ ഒട്ടേറെ ഘടകങ്ങളും പരിശോധിക്കേണ്ടതുണ്ട്. ഇതിലൂടെ മാത്രമേ ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത നീങ്ങൂ.
അതിനിടെ ആരോഗ്യമുള്ളവരാരും കുളിത്തൊട്ടിയില്‍ മുങ്ങിമരിക്കാറില്ലെന്ന സാമാന്യതത്വമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. തസ്ലീമ നസ്രീനാണ് സോഷ്യല്‍ മീഡിയയില്‍ ഈ വാദം ചര്‍ച്ചയാക്കിയത്.
ഇറേസ്ഡ്: മിസിങ് വിമെന്‍, മര്‍ഡേഡ് വൈവ്സ് എന്ന പുസ്തകമെഴുതിയ മരിലീ സ്ട്രോങ്ങിന്റെ പഴയൊരു ലേഖനത്തിന്റെ ലിങ്കാണു തസ്ലീമ ട്വീറ്റ് ചെയ്തത്. ഭാര്യമാരുടെ കൊലപാതകത്തിനു ഭര്‍ത്താക്കന്മാര്‍ തിരഞ്ഞെടുക്കുന്ന രീതിയാണു കുളിത്തൊട്ടി മരണമെന്നാണു ലേഖനത്തിന്റെ ഉള്ളടക്കം. അബദ്ധത്തില്‍ വെള്ളത്തില്‍ മുങ്ങിയതാണു മരണകാരണമെങ്കില്‍ അതു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും ലേഖനത്തിലുണ്ട്.
വെള്ളത്തില്‍നിന്നെടുത്ത മൃതദേഹത്തില്‍ അന്വേഷണം നടത്തുന്നതു വെല്ലുവിളിയേറെയുള്ള പ്രക്രിയയാണെന്നും വിശദീകരിക്കുന്നു. അതിനിടെ ഭര്‍ത്താവ് ബോണി കപൂറും ഇളയമകള്‍ ഖുഷിയും മുംബൈയിലേക്കു മടങ്ങിയശേഷവും ശ്രീദേവി എന്തിനാണു ദുബായില്‍ത്തന്നെ തങ്ങിയതെന്ന ചോദ്യവും ഉയരുന്നുണ്ട്.