ഇന്ത്യന്‍ സിനിമയിലെ നിത്യ വസന്തമായിരുന്ന ശ്രീദേവി എന്നും സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഭാഷാഭേദമില്ലാതെയുള്ള ആ അഭിനയത്തിന് മികച്ച സ്വീകാര്യതയായിരുന്നു സിനിമാപ്രേമികളില്‍ നിന്നു ലഭിച്ചത്. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരികയെത്തിയപ്പോഴും പ്രേക്ഷകര്‍ ശ്രീദേവിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
ആ ശ്രീദേവിയുടെ മരണത്തില്‍ നിന്നും ആരാധകര്‍ ഇതുവരേയ്ക്കും മുക്തരായിട്ടില്ല. കെ. ബാലചന്ദറിന്റെ മൂണ്ട്ര് മുടിച്ച് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടെ നായികയായുള്ള അരങ്ങേറ്റം. 5000 രൂപയായിരുന്നു ശ്രീദേവിയുടെ ആദ്യ ചിത്രത്തിനുള്ള പ്രതിഫലം. രജനീകാന്തായിരുന്നു ചിത്രത്തിലെ നായകന്. ഈ ചിത്രത്തോടെ രജനിയും ശ്രീദേവിയും നല്ല സുഹൃത്തുക്കളാവുകയും ചെയ്തു.
റാണ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഗുരുതരമായ അസുഖം ബാധിച്ച രജനിക്കായി ശ്രീദേവി അന്ന് ചെയ്ത കാര്യം ഇപ്പോള്‍ വാര്‍ത്തയായിരിക്കുകയാണ്. 20ഓളം ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച ശ്രീദേവി രജനിയുടെ ആരോഗ്യസ്ഥിതിയില്‍ അന്ന് വളരെയധികം വിഷമിച്ചിരുന്നു.ഷിര്‍ദ്ദി സായി ബാബയോട് പ്രാര്‍ത്ഥിച്ച ശ്രീദേവി രജനിക്കായി ഒരാഴ്ച നോമ്പ് അനുഷ്ഠിച്ചതായും ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂനെയിലെ സായിബാബ ക്ഷേത്രവും അന്ന് ശ്രീദേവി സന്ദര്‍ശിച്ചു. ശ്രീദേവി സൗഹൃദത്തിന് ഏറെ വിലകല്പ്പിച്ചിരുന്ന വ്യക്തിയായിരുന്നെന്നാണ് സുഹൃത്തുക്കള്‍ ഒന്നടങ്കം പറയുന്നത്.