കൊച്ചി/വരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണം പോലീസിനു പറ്റിയ വീഴ്ചയെങ്കിൽ ഇതിലേക്കു നയിച്ച കാര്യങ്ങൾ സിപിഎമ്മിന്റെ കുതന്ത്രങ്ങളുടെ ഭാഗമെന്ന് ആക്ഷേപം. പാർട്ടിയിൽനിന്നു കൊഴിഞ്ഞുപോയവരെ തിരികെ കൊണ്ടുവരാൻ സിപിഎം നടത്തിയ രാഷ്ട്രീയ നീക്കങ്ങളാണു പ്രശ്നം സങ്കീർണമാക്കിയതെന്നാണ് ആക്ഷേപങ്ങൾ ഉയർന്നിട്ടുള്ളത്. സിപിഎം പ്രദേശിക നേതാക്കൾ അറിഞ്ഞുകൊണ്ടു നടത്തിയ നീക്കങ്ങൾമൂലം കസ്റ്റഡി മരണത്തിൽ പോലീസിനൊപ്പം പാർട്ടിയും പ്രതികൂട്ടിലാകുന്ന അവസ്ഥയാണിപ്പോൾ.
കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പിൽ വരാപ്പുഴ ദേവസ്വംപാടത്തു സിപിഎമ്മിനു കനത്ത തിരിച്ചടി നേരിട്ടിരുന്നു. കുടുംബി സമുദായക്കാർ കൂടുതലായുള്ള വരാപ്പുഴ പഞ്ചായത്തിലെ പതിനാറാം വാർഡായ ദേവസ്വംപാടത്ത് നിലനിന്ന സിപിഎം-സിപിഐ ഭിന്നത മുതലെടുത്ത് ബിജെപി മിന്നും വിജയം കരസ്ഥമാക്കി.
ഇതിൽനിന്നു തിരിച്ചുവരുന്നതിനായി പ്രവർത്തിച്ചുവന്ന സിപിഎമ്മിനു ലഭിച്ച പിടിവള്ളിയായിരുന്നു ശ്രീജിത്തിന്റെ അറസ്റ്റിലേക്കു നയിച്ച വാസുദേവന്റെ ആത്മഹത്യയന്നാണു നാട്ടുകാർ പറയുന്നത്. ശ്രീജിത്തിന്റെ അറസ്റ്റിനു കാരണമായതു മത്സ്യത്തൊഴിലാളിയായ വാസുദേവന്റെ ആത്മഹത്യയാണ്.
നേരത്തെ സിപിഎം അനുഭാവിയായിരുന്ന വാസുദേവനും കുടുംബവും ബിഎംഎസിൽ അംഗത്വമെടുത്തിരുന്നു. നാട്ടിൽ ക്ഷേത്രോത്സവ സമയത്തുണ്ടായ അക്രമങ്ങൾ ഇവരെ തിരിച്ചുകൊണ്ടുവരാനായി സിപിഎം ഉപയോഗിക്കുകയാരുന്നെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടന്ന വാക്കുതർക്കങ്ങൾ പിന്നീട് വാസുദേവന്റെ വീട്ടിനുനേരേ ഗുണ്ടാ ആക്രമണം നടക്കുന്നതിനുവരെ കാരണമായി.
തങ്ങൾക്കൊപ്പം നിന്നാൽ ഗുണ്ടാ ആക്രമണം നടത്തിയവരെ നിയമത്തിനു മുന്നിലെത്തിക്കാമെന്നു വാഗ്ദാനം ചെയ്തു വാസുദേവന്റെ കുടുംബത്തെ ചില സിപിഎം പ്രാദേശിക നേതാക്കൾ വശത്താക്കിയത്രേ. വാസുദേവൻ മരിച്ച ദിവസം മുൻ എംഎൽഎ എസ്. ശർമയടക്കം വീട്ടിലെത്തിയത് ഇതിന്റെ ഭാഗമായാണെന്നാണു ആക്ഷേപങ്ങൾ.
ഇതോടൊപ്പം ബിജെപി പ്രവർത്തകനായ ശ്രീജിത്തിനെ പ്രതിയാക്കാൻ നീക്കവും നടത്തുകയായിരുന്നുവെത്രേ. ശ്രീജിത്തിനെ കുടുക്കുവാൻ സിപിഎമ്മിന്റെ ദേവസ്വംപാടം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മൊഴിയാണ് ഉപയോഗിച്ചത്. ശ്രീജിത്തിന്റെ അറസ്റ്റ് പരമേശ്വരന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന പോലീസിന്റെ വാക്കുകൾ ഇതു സാധൂകരിക്കുന്നു.
നിലവിൽ വാസുദേവൻ സിപിഎം പ്രവർത്തകനല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ ആത്മഹത്യയെത്തുടർന്നു സംഭവമേറ്റെടുത്ത സിപിഎം വരാപ്പുഴയിൽ ഹർത്താലിന് ആഹ്വാനം ചെയ്യുകയും പ്രതിഷേധ ജാഥയും പൊതുസമ്മേളനവും സംഘടിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നിലുള്ള നീക്കങ്ങളിൽ അന്നു മുതൽക്കേ സംശയം ഉയർന്നിരുന്നതാണ്.
അറുപതോളം സിപിഎം പ്രവർത്തകരാണു ജാഥയിൽ പങ്കെടുത്തത്. സിപിഎമ്മിന്റെ പ്രതിഷേധത്തെത്തുടർന്നാണു പോലീസ് കടുത്തനടപടികളുമായി രംഗത്തിറങ്ങിയതും ശ്രീജിത്ത് ഉൾപ്പെടെയുള്ളവരെ പിടികൂടിയതും. കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോകുകയായിരുന്നു.
ഇതിനിടെ ശ്രീജിത്തിനെതിരേ താൻ താൻ മൊഴി നല്കിയ കാര്യം പരമേശ്വരൻ പിന്നീടു നിഷേധിച്ചെങ്കിലും പരമേശ്വരൻ മൊഴി നൽകിയതു സിപിഎം നേതൃത്വത്തിന്റെ സമ്മർദം മൂലമാണെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ മകൻ ശരത്ത് പരസ്യമായി രംഗത്തെത്തിയതു പാർട്ടിയെ കൂടുതൽ കുരുക്കിലാക്കിയിട്ടുണ്ട്.