കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ ആർടിഎഫുകാർ ക്രൂരമായി മർദിച്ചതായി ശ്രീജിത്തിന്റെ സുഹൃത്തുക്കൾ. വയറുവേദനയായിരുന്ന ശ്രീജിത്തിനെ എസ്ഐ ദീപക് നിലത്തിട്ട് മർദിച്ചു. അസഭ്യം പറഞ്ഞുകൊണ്ടാണ് ശ്രീജിത്തിന്റെ അടിവയറ്റിൽ ദീപക് ചവിട്ടിയതെന്നും വരാപ്പുഴയിലെ വാസുദേവന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രീജിത്തിനൊപ്പം അറസ്റ്റിലായവർ പറഞ്ഞു.
അവശനിലയിലായ ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാൻ തങ്ങൾ ആവശ്യപ്പെട്ടിട്ടും പോലീസ് തയാറായില്ല. പിന്നീട് ഏറെ നേരം കഴിഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോയ പോലീസുകാരും ശ്രീജിത്തിനെ മർദിച്ചു. ശ്രീജിത്തിന്റെ ശരീരത്തിൽ പരിക്കുകൾ കണ്ടത് ഇതിനു ശേഷമാണെന്നും സുഹൃത്തുക്കൾ പറഞ്ഞു.
കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പോലീസ് സ്റ്റേഷനിൽവച്ച് എസ്ഐ ദീപക് മർദിച്ചിരുന്നുവെന്ന് അന്വേഷണ സംഘം നൽകിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൊലക്കുറ്റം, അന്യായമായി തടങ്കലിൽ വയ്ക്കൽ, മർദനം എന്നീ കുറ്റങ്ങളാണ് ദീപക്കിനെതിരേ ചുമത്തിയിട്ടുള്ളത്.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്പോൾ താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും കേസുമായി തനിക്കു ബന്ധമില്ലെന്നുമാണ് ദീപക് കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞത്. ശ്രീജിത്തിനെ താൻ മർദിച്ചിട്ടില്ലെന്നു ദീപക് വ്യക്തമാക്കിയെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ദീപക്കിന്റെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു.