കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിനു വീണ്ടും ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വരാപ്പുഴ പോലീസിന്റെ നേതൃത്വത്തിൽ കത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണമാണു നടക്കുന്നത്.
മുൻ എറണാകുളം റൂറൽ എസ്പി എ.വി. ജോർജിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ആർടിഎഫ് അംഗങ്ങൾക്കെതിരായ പരാതി പിൻവലിച്ചില്ലെങ്കിൽ ശ്രീജിത്തിന്റെ സഹോദരനും ഇതേ ഗതിയായിരിക്കുമെന്നാണു കത്തിലൂടെ ഭീഷണിപ്പെടുത്തിയിട്ടുള്ളത്. മാധ്യമങ്ങളുടെ സഹായത്തോടെ കൂടുതൽ കളിക്കാൻ നിൽക്കരുതെന്നും കത്തിലുണ്ട്. തിരുവനന്തപുരം റൂറൽ എസ്പിയുടെ ഷാഡോ സ്ക്വാഡിലെ ജയൻ, സുനിൽലാൽ, സുവിൻ, ഷിബു എന്നിവരുടെ പേരിലുള്ളതാണു കത്ത്.
ശ്രീജിത്തിന്റെ അമ്മ ശ്യാമള, ഭാര്യ അഖില, സഹോദരൻ സജിത്ത് എന്നിവരെ അഭിസംബോധന ചെയ്തു കഴിഞ്ഞമാസം 24നു മറ്റൊരു ഭീഷണിക്കത്തും വന്നിരുന്നു. ഇന്നലെ ലഭിച്ച കത്ത് നേരത്തെ ലഭിച്ചതിനോട് സാമ്യമുള്ളതാണെന്നു പോലീസ് പറഞ്ഞു. അതിലും ആർടിഎഫ് അംഗങ്ങൾക്കെതിരായ പരാതി പിൻവലിക്കണമെന്നുമായിരുന്നു ആവശ്യം. കത്ത് എഴുതിയിരിക്കുന്നതെന്നു പറയുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരുകളിൽ ഇന്നലെ ലഭിച്ച കത്തിൽ ഒരാളുടെ പേര് കൂടുതലാണെന്നു മാത്രം.
കത്ത് എഴുതിയവരുടെ കൃത്യമായ മേൽവിലാസംവച്ചാണു രണ്ടു ഭീഷണിക്കത്തും ലഭിച്ചത്. അതിനാൽതന്നെ ഇതിന്റെ ആധികാരികതയെക്കുറിച്ചു സംശയങ്ങളുണ്ട്. ശ്രീജിത്തിന്റെ കുടുംബം വരാപ്പുഴ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് അന്വേഷണം നടത്തുന്നത്. ആദ്യം ലഭിച്ച ഭീഷണിക്കത്തിന്റെ അടിസ്ഥാനത്തിലെടുത്ത കേസിനോട് ചേർത്താണു പുതിയ കേസും അന്വേഷിക്കുന്നതെന്നും പോലീസ് പറഞ്ഞു.