കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദർശിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി. കൊച്ചിയിൽ ഇന്നു വിവിധ പരിപാടികളാണു മുഖ്യമന്ത്രിയ്ക്കുള്ളത്. ഈ പരിപാടികളിൽ പങ്കെടുക്കുന്നതിനായി എത്തവേയാണു ശ്രീജിത്തിന്റെ വീട്ടിൽപോകുമോയെന്നു മാധ്യമപ്രവർത്തകർ അദേഹത്തോട് ആരാഞ്ഞത്.
എന്നാൽ, ഈ ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വീട് സന്ദർശിക്കാത്തതിൽ ശ്രീജിത്തിന്റെ കുടുംബാംഗങ്ങൾതന്നെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിപിഎം പ്രദേശിക നേതൃത്വത്തിനെതിരെ ആക്ഷേപങ്ങളും ഉയർന്നിരുന്നു.
മുഖ്യമന്ത്രി സന്ദർശനം നടത്താത്തതിൽ വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതുവരെയായി വരാപ്പുഴയിലെത്താത്ത അദ്ദേഹം കഴിഞ്ഞ ദിവസം നടന്ന തൃശൂർ പൂരത്തിനെത്തിയതും ആക്ഷേപങ്ങൾക്കു കാരണമായിരുന്നു. അതേസമയം, മുഖ്യമന്ത്രിയെ ശ്രീജിത്തിനെ വീട്ടിലെത്തിക്കാൻ സിപിഎം ജില്ലാ നേതൃത്വം നീക്കങ്ങൾ നടത്തുന്നുണ്ടെന്നാണു ലഭിക്കുന്ന വിവരങ്ങൾ.