കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് എന്ന യുവാവ് മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർ പോലീസുകാർ തന്നെയെന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ദേവസ്വം പാടത്തുണ്ടായ ആക്രമണങ്ങളിൽ പരിക്കേറ്റതാണു മരണകാരണമെന്ന വാദം ശരിയല്ലെന്നും പോലീസ് മർദനമാണു മരണകാരണമായതെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോട് പറഞ്ഞു.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആർടിഎഫ് ഉദ്യോഗസ്ഥരാണോ വരാപ്പുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണോ പ്രതികൾ എന്ന ചോദ്യത്തിന് ഇതുസംബന്ധിച്ച അന്തിമഘട്ട അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴും സ്റ്റേഷനിൽവച്ചും മർദനം ഏറ്റതായി സംഘം കണ്ടെത്തിയെന്നുതന്നെയാണു ലഭിക്കുന്ന വിവരങ്ങൾ. നേരത്തെ, ആർടിഎഫ് ഉദ്യോഗസ്ഥരെയും വരാപ്പുഴ പോലീസിനെയും ചോദ്യം ചെയ്തെങ്കിലും പരസ്പരം പഴിചാരുന്ന മൊഴികളാണു സംഘത്തിനു ലഭിച്ചത്.
തൻമൂലം പോലീസുകാരെ നുണ പരിശോധനയ്ക്കു ഹാജരാക്കാൻ സംഘം ഉദേശിച്ചെങ്കിലും നിലവിൽ ഇതൊന്നും വേണ്ടിവരില്ലെന്നാണു ലഭിക്കുന്ന വിവരങ്ങൾ. ശ്രീജിത്തിനെ ക്രൂരമായി മർദിച്ച പോലീസുകാരെ ഉടൻ തിരിച്ചറിയുമെന്നും രണ്ടു ദിവസത്തിനുള്ളിൽ നിർണായക നടപടികൾ ഉണ്ടാകും എന്നുമാണ് അന്വേഷണസംഘം പറയുന്നത്.
അതേസമയം, ഇന്നലെ കസ്റ്റഡിയിൽ ലഭിച്ച വാസുദേവന്റെ വീടാക്രമണ കേസിലെ പ്രതികളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇവരിൽ നിന്ന് ആക്രമണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചെന്നാണു സൂചന. ഇതിനുപുറമെ ആർടിഎഫ് ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്തുവരികയാണ്.
ഇന്നു രാവിലെ ആലുവ പോലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ. ഇതിനിടെ, ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആളുമാറിയാണെന്ന വാദം ശരിവയ്ക്കുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
അതേസമയം, കസ്റ്റഡി മരണം ഉരുട്ടിക്കൊലയാണോയെന്നു സ്ഥിരീകരിക്കുന്നതിനായി പ്രത്യേക മെഡിക്കൽ ബോർഡിനും രൂപംനൽകി. ശ്രീജിത്തിന്റെ മൃതദേഹത്തിലെ ക്ഷതങ്ങളുടെ സ്വഭാവം നിർണയിക്കുന്നതിനായി അഞ്ചു ഡോക്ടർമാർ ഉൾപ്പെട്ട പ്രത്യേക മെഡിക്കൽ ബോർഡാണു രൂപീകരിച്ചിട്ടുള്ളത്.
ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഉരുട്ടിക്കൊലപാതകമാണോ എന്നതിൽ സ്ഥിരീകരണം നൽകാൻ സാധിക്കൂവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.