കൊച്ചി/വരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണത്തിൽ പോലീസിനെതിരെ കൂടുതൽ ആരോപണങ്ങളുമായി നാട്ടുകാർ രംഗത്ത്. കേസുമായി ബന്ധപ്പെട്ട്് കസ്റ്റഡിയിലെടുക്കുന്നതിനുമുന്പ് മഫ്തിയിലെത്തിയ പോലീസ് സംഘം ദേവസ്വംപാടം കവലയിൽവച്ച് ശ്രീജിത്ത് ഉൾപ്പെടെയുള്ള ഒരു സംഘം യുവാക്കളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും ഇതിനു മണിക്കൂറുകൾക്കു ശേഷമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും നാട്ടുകാർ ആരോപിക്കുന്നു.
ശ്രീജിത്തിന്റെ വീടിനു സമീപത്തെ പനക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണു യുവാക്കളുടെ സംഘം വൈകുന്നേരം സ്ഥലത്ത് ഒത്തുച്ചേർന്നത്. ഈ സമയം, വീടാക്രമിക്കപ്പെട്ടതിൽ മനംനൊന്ത് ദേവസ്വംപാടം കുളന്പുകണ്ടത്തിൽ വാസുദേവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെത്തേടി മഫ്തിയിൽ എത്തിയ പോലീസ് സംഘം യുവാക്കളെ ചോദ്യം ചെയ്തു.
ഇതേത്തുടർന്നു പോലീസ് സംഘവുമായി യുവാക്കൾ ചെറിയ രീതിയിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്നു ശ്രീജിത്ത് വീട്ടിലേക്കു മടങ്ങുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. ഇതു നടന്നു മണിക്കുറുകൾക്കു ശേഷമാണു പത്തോടെ പോലീസ് സംഘം വീട്ടിലെത്തി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നാണു നാട്ടുകാർ പറയുന്നത്.
അതേസമയം, കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നേതൃത്വത്തിൽ ആരംഭിച്ച അന്വേഷണം പുരോഗമിക്കുകയാണ്. മൂന്നു വിഭാഗമായി തിരിഞ്ഞാണു അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഐജി എസ്. ശ്രീജിത്ത് ഇന്ന് സംഘത്തോടൊപ്പം ചേരും.
ശ്രീജിത്തിന്റെ വീട്ടിലെത്തി മാതാപിതാക്കളിൽനിന്ന് ഉൾപ്പെടെ വിവരങ്ങൾ തേടുമെന്നാണു ലഭിക്കുന്ന വിവരങ്ങൾ. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം ശാസ്ത്രീയമായ വിദഗ്ധ അന്വേഷണമാണു പ്രത്യേക സംഘം നടത്തുക. ഇന്നലെ രാവിലെ ശ്രീജിത്തിന്റെ വീട്ടിലെത്തി സംഘം തെളിവെടുത്തിരുന്നു.
അറസ്റ്റു ചെയ്തു കൊണ്ടുപോകുന്പോൾ ശ്രീജിത്ത് ധരിച്ചിരുന്ന ഷർട്ടും ജീൻസും വീട്ടിൽനിന്നു ശേഖരിച്ചു. പോലീസ് മർദനമേറ്റിട്ടുണ്ടോയെന്നു കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ നടത്താനാണ് ഷർട്ടും ജീൻസും വാങ്ങിയത്. പിന്നീട് വൈകുന്നേരം അഞ്ചോടെ ഡിവൈഎസ്പി ജോർജ് ചെറിയാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശ്രീജിത്തിന്റെ വീട്ടിലെത്തി അമ്മ ശ്യാമള, അച്ഛൻ രാമകൃഷ്ണൻ, ഭാര്യ അഖില തുടങ്ങിയവരിൽനിന്നു മൊഴിയെടുത്തു.
മൊഴിയെടുക്കൽ നാലു മണിക്കൂറോളം നീണ്ടു. ശ്രീജിത്തിന്റെ മരണവും ദേവസ്വംപാടം കുളന്പുകണ്ടത്തിൽ വാസുദേവന്റെ വീടിനു നേരേയുണ്ടായ ആക്രമണവും വാസുദേവൻ ജീവനൊടുക്കിയതും ഉൾപ്പെടെ മൂന്നു കേസുകളും പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. വീടാക്രമിക്കപ്പെട്ടതിൽ മനംനൊന്ത് വാസുദേവൻ ആത്മഹത്യ ചെയ്തതിനെത്തുടർന്നാണു ശ്രീജിത്തിനെയും സഹോദരനെയും വരാപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തത്.